ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday 28 November 2015

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-ഡിസംബര്‍ മാസം

2015
ഡിസംബര്‍




ഡിസംബര്‍ 1 ചൊവ്വ

ലോക എയ്ഡ്സ് ദിനം
  • അസംബ്ലി-പ്രസംഗം(ഹെല്‍ത്ത്  ക്ലബ്ബ്)


  • ആരോഗ്യ പ്രവര്‍ത്തകനുമായി അഭിമുഖം(ഹെല്‍ത്ത്  ക്ലബ്ബ്)


ഡിസംബര്‍ 4 വെള്ളി

ഫിലിം ക്ലബ്ബ്
  • ദ റെഡ് ബലൂണ്‍-സിനിമാ പ്രദര്‍ശനം,സംവാദം
SRG യോഗം
  • ക്ലാസ് പിടിഎ വിലയിരുത്തല്‍
  • രണ്ടാം പാദവാര്‍ഷിക പരീക്ഷ-ആസൂത്രണം
  • ക്രിസ്മസ് ആഘോഷം- ആസൂത്രണം

  ഡിസംബര്‍ 10 വ്യാഴം

രണ്ടാം പാദവാര്‍ഷിക പരീക്ഷ-ആരംഭം 

  ഡിസംബര്‍ 18 വെള്ളി

  ക്രിസ്മസ് ആഘോഷം
  •    ക്രിസ്മസ് കരോള്‍
  •    കേക്ക് മുറിക്കല്‍
  •    അവധിക്കാല വായന-   ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യല്‍



ഡിസംബര്‍ 28 തിങ്കള്‍

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • അവധിക്കാല വായന-പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ്-പതിപ്പ്
SRG യോഗം
  • രണ്ടാം പാദവാര്‍ഷിക പരീക്ഷ-കുട്ടികളുടെ പ്രകടനം-വിലയിരുത്തല്‍,ചര്‍ച്ച
  • ന്യൂ ഇയര്‍ ആഘോഷ പ്രവര്‍ത്തനങ്ങള്‍-ആസൂത്രണം
  • സ്കൂള്‍ പഠനയാത്ര-ആലോചന

ഡിസംബര്‍ 31 വ്യാഴം

ന്യൂ ഇയര്‍ ആഘോഷം-ക്ലാസ് തലം
  • ന്യൂ ഇയര്‍ ഫ്രണ്ടിനെ തെരഞ്ഞെടുക്കല്‍
  • ആശംസാകാര്‍ഡുകളുടെ നിര്‍മ്മാണം


Sunday 22 November 2015

കുട്ടികള്‍ ഇങ്ങനെയാണ് നെഹ്റുവിനെ അറിയുന്നത്...


ശിശുദിനവുമായി ബന്ധപ്പെട്ട്, ചുമര്‍പത്രികയിലേക്ക് ജവര്‍ലാല്‍ നെഹ്റുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ചാര്‍ട്ട് തയ്യാറാക്കുകയായിരുന്നു കുട്ടികള്‍.ക്ലാസിലെ അഞ്ചു ബേസിക്ക് ഗ്രൂപ്പുകള്‍ക്ക് നല്‍കിയതായിരുന്നു ഈ പ്രവര്‍ത്തനം.ഈ ദിവസങ്ങളിലത്രയും ചാര്‍ട്ടു നിര്‍മ്മിക്കാന്‍ ആവശ്യമായ വിവരങ്ങള്‍ കുട്ടികള്‍ ശേഖരിക്കുകയായിരുന്നു.

ഒഴിവുസമയങ്ങളില്‍ ഓരോ ഗ്രൂപ്പും ഒത്തുകൂടി. രഹസ്യമായി ചര്‍ച്ച ചെയ്തു.വിവരങ്ങള്‍ ആരൊക്കെ എങ്ങനെയൊക്കെ ശേഖരിക്കണമെന്ന് തിട്ടപ്പെടുത്തി.ഗ്രൂപ്പിലെ അംഗങ്ങള്‍ ചുമതലകള്‍ വീതിച്ചെടുത്തു.അവര്‍ നെഹ്റുവിനെ കുറിച്ചുള്ള പുസ്തകങ്ങളും ചിത്രങ്ങളും ശേഖരിച്ചു.പുസ്തകങ്ങള്‍ വായിച്ച് ചര്‍ച്ച ചെയ്തു.കുട്ടികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞു.ജവര്‍ലാല്‍ നെഹ്റുവുമായി ബന്ധപ്പെട്ട രസകരമായ കഥകള്‍ പറഞ്ഞു.എല്ലാത്തിനും രഹസ്യസ്വഭാവം സൂക്ഷിച്ചു..


അതിനു കാരണമുണ്ട്.ബേസിക്ക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം മത്സരമാണ്.ഓരോ ആഴ്ചയിലും ഓരോ പ്രവര്‍ത്തനമാണ് നല്‍കുക.തിങ്കളാഴ്ച ദിവസം പ്രവര്‍ത്തനം നല്‍കിയാല്‍ വെള്ളിച്ച ദിവസമാണ് അത് വിലയിരുത്തുക.കുട്ടികള്‍ പരസ്പരമാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക.കൂടാതെ എന്റെ വിലയിരുത്തലും ഉണ്ടാകും.അങ്ങനെ ഒരു മാസം നാലു പ്രവര്‍ത്തനങ്ങള്‍.ഓരോ പ്രവര്‍ത്തനത്തിനും ലഭിച്ച ഗ്രേഡ്/സ്കോര്‍ ക്ലാസില്‍ തൂക്കിയിട്ട ചാര്‍ട്ടില്‍ രേഖപ്പെടുത്തും.ഒപ്പം ക്ലാസ് ക്ലീനിങ്ങിന്റെ ഗ്രേഡും(ഒരു ഗ്രൂപ്പിന് ആഴ്ചയില്‍ ഒരു ദിവസം).മാസാവസാനം കൂടുതല്‍ സ്കോര്‍ ലഭിച്ച ഗ്രൂപ്പിനെ കണ്ടെത്തും. അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.അതോടെ ആ ഗ്രൂപ്പിനെ പൊളിക്കും.അടുത്ത മാസം മുതല്‍ പുതിയ ഗ്രൂപ്പുകളും അവയ്ക്ക് പുതിയ പേരുകളും പുതിയ ലീഡര്‍മാരുമായിരിക്കും.



പ്രവര്‍ത്തനങ്ങള്‍ എപ്പോഴും  വിവിധ വിഷയങ്ങളുമായി ബന്ധപ്പെടുത്തി വ്യത്യസ്തമാക്കാന്‍ ശ്രദ്ധിക്കും.കുട്ടികളുടെ സര്‍ഗ്ഗാത്മക ആവിഷ്ക്കാരത്തിന് ഊന്നല്‍ നല്‍കുന്നതായിരിക്കും പ്രവര്‍ത്തനങ്ങള്‍.

 ജവര്‍ലാല്‍ നെഹ്റുവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം കുട്ടികള്‍ ഇത്ര ആവേശത്തോടെ ഏറ്റെടുക്കാന്‍ എന്താണു കാരണം?
ഞാന്‍ ബോര്‍ഡില്‍ നെഹ്റുവിന്റെ  ഒരു ചിത്രം വരച്ചു കൊണ്ടായിരുന്നു തുടങ്ങിയത്.കുട്ടികള്‍ വരയ്ക്കുന്നതു പോലെ.കുര്‍ത്തയും പനിനീര്‍ പൂവും തൊപ്പിയമൊക്കെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞു."ഇത് നെഹ്റു തന്നെ.”
"നവംബര്‍ മാസവും നെഹ്റുവും തമ്മില്‍ എന്താണ് ബന്ധം?”
എന്റെ ചോദ്യം.
"ജവര്‍ലാല്‍ നെഹ്റുവിന്റെ പിറന്നാള്‍,ശിശു ദിനം.” കുട്ടികള്‍ പറഞ്ഞു.
 നെഹ്റു ജപ്പാനില്‍ പോയ കാര്യവും അവിടുത്തെ കുട്ടികള്‍ക്കു കൊണ്ടുപോയ സമ്മാനവും കുട്ടികളെ ചിരിപ്പിച്ച കഥയുമൊക്കെ ഞാന്‍ പറഞ്ഞു.


ഈ പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിലേക്കു കുട്ടികളെ നയിക്കാന്‍ ഇത്രയും മതിയായിരുന്നു.ഒരു പക്ഷേ,ഞാന്‍ ബോര്‍ഡില്‍ വരച്ചിട്ട ചിത്രമായിരിക്കണം അവരുടെ പ്രചോദനം.അന്നു മുതല്‍ കുട്ടികളുടെ മനസ്സില്‍ ചച്ചാജി കയറിക്കൂടി.പിറ്റേ ദിവസം കുട്ടികള്‍ അവര്‍ വരച്ച നഹ്റുവിന്റെ ചിത്രങ്ങളുമായാണ് വന്നത്.അവരുടെ കൈകളില്‍ ചാച്ചാജിയെക്കുറിച്ചുള്ള പുസ്തകങ്ങളും പത്രകട്ടിങ്ങുകളും ഫോട്ടോകളും ഉണ്ടായിരുന്നു.

വിവേക് ഒരു തുണ്ട് കടലാസുമായി എന്റെ അടുത്തേക്ക് വന്നു.
"മാഷേ,ഞാന്‍ നെഹ്റുവിനെക്കുറിച്ച് എഴുതിയ കവിത.”
ഞാന്‍ അതു വാങ്ങി വായിച്ചു നോക്കി.
"നന്നായിട്ടുണ്ട്.നിനക്കിത് ചാര്‍ട്ടില്‍ ഉള്‍പ്പെടുത്താമല്ലോ.”
അവന് സന്തോഷമായി.

 കുട്ടികള്‍ ചാര്‍ട്ടു നിര്‍മ്മാണം തുടങ്ങി.ഓരോ ഗ്രൂപ്പിനും ആവശ്യമായ ചാര്‍ട്ട് പേപ്പറുകള്‍,മാര്‍ക്കര്‍,സ്ക്കെച്ചു പെന്‍,ക്രയോണ്‍സ്,കത്രിക തുടങ്ങി  സാമഗ്രികളൊക്കെ ഇഷ്ടംപോലെ നല്‍കി.


ഞാന്‍ മാറിയിരുന്ന് കുട്ടികളെ നിരീക്ഷിക്കാന്‍ തുടങ്ങി.പത്ത് മിനുട്ട് കഴിഞ്ഞിട്ടും ചാര്‍ട്ട് നിവര്‍ത്തിവെച്ചതു പോലെയുണ്ട്.അവര്‍ ഒന്നും എഴുതുയിട്ടില്ല.
ഞാന്‍ മെല്ലെ അടുത്ത് ചെന്നു.തേജസ്വിനി  ഗ്രൂപ്പ് ഗംഭീരമായ ചര്‍ച്ചയിലാണ്.
ചാര്‍ട്ടിന് എന്തു തലക്കെട്ട് നല്‍കും എന്നതാണ് ചര്‍ച്ച.ഗ്രൂപ്പിലെ ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാണ്.ആകെ കുഴങ്ങി. ഒരു സമവായത്തിലെത്താന്‍ കഴിയുന്നില്ല.എന്തു ചെയ്യും?


'നമ്മുടെ സ്വന്തം ചാച്ചാജി'
'ഇന്ത്യ കണ്ട മഹാപ്രതിഭ'
'ജവര്‍ലാല്‍ നെഹ്റു എന്ന അത്ഭുതം...'
'ചാച്ചാ നെഹ്റു'
'ഇന്ത്യയെ സ്വാതന്ത്രയത്തിലേക്കു നയിച്ച മഹാന്‍'
ഗ്രൂപ്പു ലീഡര്‍ ശ്രേയ അവര്‍ കണ്ടെത്തിയ തലക്കെട്ടുകളുമായി എന്റെ അടുത്തേക്കു വന്നു.
"മാഷേ,ഇതിലേതാണു നല്ലത്?മാഷിന്റെ അഭിപ്രായം പറയ്വോ?”
ശ്രേയക്ക് ഏതാണു നല്ലതായി തോന്നുന്നത്?
"ഇന്ത്യ കണ്ട മഹാപ്രതിഭ"
"അതു നല്ല തലക്കെട്ടാണല്ലോ.മറ്റുള്ളവയില്‍ നിന്ന് അല്‍പ്പം വ്യത്യസ്തവുമാണ്.”
ഗ്രൂപ്പ് വീണ്ടും ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്തി.അതു തന്നെ മതി.
ഇതിനകം മറ്റു ഗ്രൂപ്പുകള്‍ തലക്കെട്ട് തീരുമാനിച്ച് എഴുത്ത് തുടങ്ങിയിരുന്നു.


ഇനിയുമുണ്ടായി മറ്റൊരു പ്രതിസന്ധി.അത് ലേ-ഔട്ടിനെക്കുറിച്ചുളള അഭിപ്രായ വ്യത്യാസങ്ങളാണ്.ചിത്രവും എഴുത്തും വരകളുമൊക്കെ എവിടെ എങ്ങനെയായിരിക്കണം എന്ന ചര്‍ച്ചയില്‍ തീരുമാനങ്ങെളുക്കാന്‍ ഓരോ ഗ്രൂപ്പും വിഷമിക്കുന്നതു കണ്ടു.പക്ഷേ,പ്രതിസന്ധി താല്‍ക്കാലികം മാത്രമാണ്.കുട്ടികള്‍ അതിനെ എളുപ്പം മറികടന്നു.അവര്‍ പരസ്പരം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാന്‍ പഠിച്ചിരിക്കുന്നു.ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് അത് കൂടിയേ തിരൂ.എങ്കിലേ ഗ്രൂപ്പിനെ വിജയത്തിലെത്തിക്കാന്‍ കഴിയൂ.സംഘപ്രവര്‍ത്തനങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നതും അതാണ്.അംഗങ്ങള്‍ക്കിടയിലുള്ള പരസ്പര ധാരണ,സഹകരണം.കൂട്ടമായി തീരുമാനമെടുക്കാനുള്ള കഴിവ്.പൊതു തീരുമാനത്തെ അംഗീകരിക്കല്‍...അത് കുട്ടികളില്‍ മാനസിക വികാസം കൊണ്ടുവരും.സംശയമില്ല.ഓരോ പ്രവര്‍ത്തനവും കുട്ടികളെ കൂടുതല്‍ പക്വമതികളാക്കും..

ചില കുട്ടികള്‍ക്ക് ചാര്‍ട്ടില്‍ സ്കെച്ചു പേന കൊണ്ട് എഴുതാനുള്ള ധൈര്യമില്ല. തെറ്റിപ്പോകുമോ എന്ന പേടി.ആ പേടി എങ്ങനെയാണ് ഉണ്ടായത്?
ഞാന്‍ കുട്ടികളുടെ അടുത്ത് ചെന്നിരുന്ന് അവരോട് എഴുതാന്‍ പറഞ്ഞു."തെറ്റുന്നുവെങ്കില്‍ തെറ്റട്ടെ. ധൈര്യത്തോടെ എഴുതൂ."കുട്ടികള്‍ അവരുടെ ആത്മവിശ്വാസം വീണ്ടെടുത്തു.അവര്‍ എഴുതാന്‍ തുടങ്ങി.


തങ്ങളുടെ ഒഴിവുസമയങ്ങള്‍ കുട്ടികള്‍ ഫലപ്രദമായി ഉപയോഗിച്ചു.അനുവദിക്കപ്പെട്ട സമയത്തിനകം കുട്ടികള്‍ തങ്ങളുടെ പണി പൂര്‍ത്തിയാക്കി.നിറങ്ങള്‍കൊണ്ടും വരകള്‍കൊണ്ടുംഅവര്‍ ചാര്‍ട്ടില്‍ അവസാന മിനുക്കുപണികള്‍ നടത്തി.

ചാര്‍ട്ടിന്റെ അവതരണവും വിലയിരുത്തലുമായിരുന്നു തുടര്‍ന്ന്.വെള്ളിയാഴ്ചത്തെ ഒരു പിരീയഡ് അതിനുവേണ്ടി നീക്കിവെച്ചു.ഓരോ ഗ്രൂപ്പും തങ്ങളുടെ ചാര്‍ട്ടുകള്‍ മറ്റു കുട്ടികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.അതിലെ സൃഷ്ടികള്‍ വായിച്ചു.ഇനി വിലയിരുത്തലാണ്. ഓരോ ഗ്രൂപ്പും കൂടിയാലോചിച്ചു.നരത്തെ തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അവര്‍ ചാര്‍ട്ടിനെ വിലയിരുത്തി.വിലയിരുത്തല്‍ സത്യസന്ധമായിരിക്കണം എന്ന സാമാന്യ തത്വം എല്ലാവരും അംഗീകരിച്ചുകൊണ്ടായിരുന്നു വിലയിരുത്തല്‍.മറ്റു നാലു ഗ്രൂപ്പുകള്‍ തങ്ങളുടെ ഫീഡ് ബാക്കുകള്‍ അവതരിപ്പിച്ചു.

കുട്ടികളുടെ വിലയിരുത്തലിനു ശേഷം ഞാനും ചാര്‍ട്ടുകള്‍ വിലയിരുത്തി ഓരോ ഗ്രൂപ്പിനും ഫീഡ്ബാക്കുകള്‍ നല്‍കി.അതാതു ഗ്രൂപ്പുകള്‍ക്ക് ലഭിച്ച സ്കോറുകള്‍ ചാര്‍ട്ടില്‍ രേഖപ്പെടുത്തി.

ജവര്‍ലാല്‍ നെഹ്റുവിന്റെ ജീവിതത്തെക്കുറിച്ച് കുട്ടികള്‍ അന്വേഷിക്കുകയും അറിയുകയും മാത്രമല്ല ഈ പ്രവര്‍ത്തനത്തിലൂടെ ചെയ്തത്.സംഘപ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ പരസ്പരം സഹകരിച്ച് മുന്നേറിയതിലൂടെ കുട്ടികള്‍ മാനസികമായി കൂടുതല്‍ പക്വതയാര്‍ജിച്ചിരിക്കുന്നു;കരുത്ത് നേടിയിരിക്കുന്നു.സംഘപ്രവര്‍ത്തനങ്ങളില്‍ നിന്നു കിട്ടുന്ന ഊര്‍ജ്ജമാണ് കുട്ടികളെ വികാസത്തിലേക്ക് നയിക്കുക.




Saturday 14 November 2015

നാലാം ക്ലാസിലെ പാഠപുസ്തകം ഭാഷാസമീപനത്തെ അട്ടിമറിച്ചു


നാലാം ക്ലാസിലെ പുതിയ ഭാഷാപാഠപുസ്തകം പഠിച്ചിറങ്ങുന്ന കുട്ടി അഞ്ചാം ക്ലാസിലെത്തിയാല്‍ പ്രയാസപ്പെടും.കാരണം ഈ പുസ്തകം കുട്ടികളെ അഞ്ചാം ക്ലാസിലെ ഭാഷാപാഠപുസ്തകം  പഠിക്കാന്‍ പ്രാപ്തരാക്കില്ല.രണ്ട് പുസ്തകങ്ങള്‍ക്കുമിടയില്‍ വലിയ വിടവുണ്ട്.രണ്ടു പുസ്തകങ്ങളും പിന്തുടര്‍ന്ന ഭാഷാസമീപനത്തിലെ മാറ്റമാണ് ഈ വിടവ്.അത് കുട്ടികളുടെ പഠനത്തെ ദോഷകരമായി ബാധിക്കും എന്നതില്‍ സംശയം വേണ്ട.

 രണ്ടു പാഠപുസ്തകങ്ങളും തമ്മില്‍ ഭാഷാസമീപനത്തിന്റെ  കാര്യത്തില്‍ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?
2007ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂട് (KCF)മുന്നോട്ടുവെച്ച ഭാഷാസമീപനത്തെ   അടിസ്ഥാനപ്പെടുത്തിയാണ് അഞ്ചാം ക്ലാസിലെ ഭാഷാപാഠപുസ്തകം തയ്യാറാക്കിയിട്ടുള്ളത് എന്നു കാണാം.


"വ്യവഹാര മനശ്ശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഭാഷാപഠനരീതിയുടെ സ്ഥാനത്ത് കുട്ടിയുടെ നൈസര്‍ഗികമായ ഭാഷാശേഷി ഉപയോഗപ്പെടുത്തുന്ന സമീപനമാണ് പുതിയ പാഠ്യപദ്ധതി അവതരിപ്പിച്ചത്.ഭാഷ ഉത്പ്പാദിപ്പിക്കാനുള്ള കുട്ടിയുടെ കഴിവുകളും സിദ്ധികളും ഉപയോഗപ്പെടുത്തുകയും ഭാഷ ഉപയോഗിച്ച് ദൈനംദിന വ്യവഹാരങ്ങളും സര്‍ഗാത്മക പ്രകടനങ്ങളും നടത്തുന്നതിന്ന് അവസരം നല്‍കുകയും ചെയ്യുകയാണ് ഈ രീതി. വൈഗോട്സ്കി,ബ്രൂണര്‍ തുടങ്ങിയ സാമൂഹിക ജ്ഞാനനിര്‍മ്മിതിവാദികളുടെ ആശയങ്ങളും ഭാഷാശാസ്ത്രരംഗത്ത് ചോംസ്കി നടത്തിയ കണ്ടെത്തലുകളുമാണ് ഈ സമീപനത്തിന്റെ പ്രധാന അടിത്തറകളില്‍ ഒന്ന്....”(KCF 2007 page 40)




ഈ സമീപനത്തെ അഞ്ചാം ക്ലാസിലെ ഭാഷാപാഠപുസ്തകം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.കുട്ടികളുടെ മാനസികനില കണ്ടുകൊണ്ട് ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കപ്പെട്ട ക്ലാസിക്ക് രചനകളാണ് അതിലെ മിക്കപാഠങ്ങളും.ടോട്ടോച്ചാനിലെ 'കൃഷിമാഷ് 'എന്ന ഭാഗം മുതല്‍ ബഷീര്‍,ഉറൂബ്,അഷിത,എം.ടി,സുഗതകുമാരി,ചങ്ങമ്പുഴ,വയലാര്‍,വൈലോപ്പിള്ളി,അക്കിത്തം തുടങ്ങിയ മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരുടെ,കുട്ടികളുമായി സംവദിക്കുന്ന  മികച്ച രചനകളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കള്ളിച്ചിരിക്കുന്നത്.കുട്ടികളെ വൈകാരികവും മാനസികവുമായ ഉയര്‍ച്ചയിലേക്ക് നയിക്കാന്‍ പര്യാപ്തമാണ് ഈ പാഠങ്ങള്‍.അത് കുട്ടികളുടെ വായനയെ പ്രചോദിപ്പിക്കും.ഓരോ പാഠവുമായി ബന്ധപ്പെട്ടു നല്‍കിയ രചനാ പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ തൊട്ടുണര്‍ത്തും.കുട്ടികളെ സ്വതന്ത്ര രചയിതാക്കളാക്കി മാറ്റും.പാഠഭാഗത്തു നല്‍കിയ ചോദ്യങ്ങള്‍ പാഠത്തെ വിശകലനം ചെയ്യാനും വിമര്‍ശനാത്മകമായി നോക്കിക്കാണാനും അവരെ പ്രാപ്തരാക്കും.കഥയിലെ കഥാപ്പാത്രങ്ങളേയും സംഭവങ്ങളേയും  ആഴത്തില്‍ വിശകലനം ചെയ്യാനും ആസ്വദിക്കാനും അവര്‍ക്ക് സാധിക്കും.  


 ഉറൂബിന്റെ കഥകളൊന്നും കൊച്ചുകുട്ടികള്‍ക്ക് പറ്റുന്നവയല്ല എന്നായിരുന്നു എന്റെ മുന്‍ധാരണ.എന്നാല്‍ 'കോയസ്സന്‍' എന്ന കഥ പഠിപ്പിച്ചപ്പോള്‍ ആ ധാരണ എനിക്കു തിരുത്തേണ്ടി വന്നു.കുട്ടികള്‍ ഏറ്റവും നന്നായി ആസ്വദിച്ച കഥ.കോയസ്സന്‍ പടിയിറങ്ങിയപ്പോള്‍ അപ്പുവിനൊപ്പം കുട്ടികളും കരഞ്ഞു.അതിലെ രചനാപ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ അതീവ താത്പര്യത്തോടെയായിരുന്നു ഏറ്റെടുത്തത്.ഉറൂബിന്റെ മറ്റു കഥകളും വായിക്കാന്‍ അവര്‍ വാശിപിടിച്ചു.

പാഠപുസ്തകത്തിന്റെ ഗുണപരത കുട്ടികളുടെ ഭാഷാശേഷി വികസിപ്പിക്കും എന്നതിന് അഞ്ചാം ക്ലാസിലെ മലയാള പാഠപുസ്തകം ഒരു ഉദാഹരണമാണ്.



 നാലാം ക്ലാസിലെ മലയാള പാഠപുസ്തകം പക്ഷേ,ഇങ്ങനെയല്ല.

ഭാഷാസമഗ്രതാദര്‍ശനത്തിനുപകരം വ്യവഹാര മനശ്ശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഭാഷാപഠനരീതിയെയാണ് അത് ആധാരമാക്കുന്നത്.കേരള പാഠ്യപദ്ധതി ചട്ടക്കൂട്-2007 ന് കടകവിരുദ്ധമാണിത്.ഭാഷാപഠനത്തില്‍ ആശയങ്ങള്‍ എന്ന സമഗ്രതയിലൂന്നി അക്ഷരങ്ങള്‍ എന്ന ഘടകങ്ങളിലേക്കെത്തുന്ന സ്വാഭാവികവും മനശ്ശാസ്ത്രപരവുമായ രീതിയെ ഈ പാഠപുസ്തകം തലതിരിച്ചിടുന്നു.പാഠാനുബന്ധ പ്രവര്‍ത്തനങ്ങള്‍ കേട്ടെഴുത്തും അര്‍ത്ഥമെഴുതലും പര്യായപദങ്ങള്‍ കണ്ടെത്തലും വ്യാകരണവും  കൊണ്ട് നിറച്ചു.പാഠത്തെ വിശകലനം ചെയ്യാനും ആഴത്തിലേക്ക് ഇറങ്ങിചെല്ലാനുമുള്ള ചോദ്യങ്ങള്‍ക്കുപകരം പാഠംവായിച്ച്  കേവലമായ വസ്തുതകള്‍ കണ്ടെത്തുക എന്നതു മാത്രമാക്കി കുട്ടികളുടെ വായനയെ ചുരുക്കി.സ്വതന്ത്രരചനയ്ക്കുള്ള അവസരങ്ങള്‍ അപൂര്‍വ്വം ചിലയിടത്ത് മാത്രമാക്കി പരിമിതപ്പെടുത്തി.




കുട്ടിവരുത്തുന്ന തെറ്റുകളെ അനുഭാവപൂര്‍വ്വം പരിഗണിച്ചുകൊണ്ട് തെറ്റുതിരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിനുപകരം യാന്ത്രികമായ കേട്ടെഴുത്തിലൂടെ തെറ്റുതിരുത്താമെന്ന ചേഷ്ടാവാദസമീപനം അത് പൊടിതട്ടി പുറത്തെടുത്തു. സ്വതന്ത്രചിന്തയിലേക്കും സര്‍ഗ്ഗാത്മകരചനാ പ്രവര്‍ത്തനങ്ങളിലേക്കും കുട്ടികളെ നയിക്കുന്ന തുറന്ന ചോദ്യങ്ങള്‍ പാഠപുസ്തത്തില്‍ വിരളമായി. 

കുട്ടികള്‍ സ്വതന്ത്രവായനയിലേക്കും രചനയിലേക്കും കടന്നുചെല്ലുക വഴി ഭാഷാശേഷികള്‍  ആര്‍ജിക്കുന്നതിലെ ഒരു പ്രധാനഘട്ടമാണ് നാലാം ക്ലാസ്. കുട്ടികളുടെ നിലവാരത്തിനു യോജിച്ചതും ആസ്വാദനത്തിന്റെ ഉയര്‍ന്നതലത്തിലേക്ക് നയിക്കാന്‍ പര്യാപ്തവുമായ രചനകളായിരിക്കണം പാഠപുസ്തകത്തില്‍.നിര്‍ഭാഗ്യവശാല്‍ പുസ്തകത്തിലെ  ഗദ്യപാഠങ്ങളെല്ലാം  നിലവാരം കുറഞ്ഞതാണ്.കുട്ടികളെ പ്രചോദിപ്പിക്കാന്‍ ഈ പാഠങ്ങള്‍ക്കു കഴിയില്ല.കുട്ടികളുടെ  ഭാഷാശേഷികള്‍ വികസിപ്പിക്കുന്നതിനു പകരം പരിമിതപ്പെടുത്തുകയാണ് ഈ പാഠപുസ്തകം ചെയ്യുക.

കേരള പാഠ്യപദ്ധതി ചട്ടക്കൂട്-2007 മുന്നോട്ടുവെച്ച ഭാഷാസമീപനം ഈ പുസ്തകത്തിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു.ഒരു വര്‍ഷം മുന്നേ പുറത്തിറക്കിയ അഞ്ചാം ക്ലാസിലെ പാഠപുസ്തകം ഈ പുസ്തകം തയ്യാറാക്കിയവര്‍ക്ക് ഒന്നു മറിച്ചുനോക്കാമായിരുന്നു.നാലാംക്ലാസുകഴിയുന്ന കുട്ടി അഞ്ചാം ക്ലാസിലെ പാഠപുസ്തകം പഠിക്കേണ്ടതുണ്ടെന്ന് മറന്നുപോകരുതായിരുന്നു.

നാലാം ക്ലാസിലെ മലയാള പാഠപുസ്തകം അടിയന്തിരമായും പരിഷ്ക്കരിക്കേണ്ടതാണ്.അല്ലാത്ത പക്ഷം അതു കുട്ടികളോടും അവരുടെ ഭാഷാപഠനത്തോടും ചെയ്യുന്ന കടുത്ത അനീതിയായിരിക്കും.

Sunday 8 November 2015

സൗരയൂഥം ഇങ്ങനെയും പഠിപ്പിക്കാം...


അഞ്ചാം ക്ലാസിലെ കുട്ടികള്‍ സൗരയൂഥത്തെക്കുറിച്ച്  നാടകം കളിക്കുകയാണ്.ഗ്രഹങ്ങള്‍ ഒന്നൊന്നായി വന്ന് സൂര്യനെ വലംവെച്ചുകൊണ്ടിരുന്നു.

ഭൂമി ഉറക്കെ വിളിച്ചു പറഞ്ഞു.
ഹേ സൂര്യ,നീ നിന്റെ ചൂട്കൊണ്ട് എന്തിനാണ് എന്നെ ഇങ്ങനെ പൊള്ളിക്കുന്നത്?നിന്റെ ചൂട് കൊണ്ട് മഞ്ഞുകട്ടകള്‍ ഉരുകുന്നു.അതിനാല്‍ സമുദ്രത്തിലെ ജല നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു.ഇങ്ങനെ പോയാല്‍ ഞാന്‍ പ്രളയത്തില്‍ മുങ്ങിപ്പോകും..
(ഭൂമി ആഗോള താപനത്തെക്കുറിച്ച് പറയുന്ന ഒരു പത്രകട്ടിങ്ങ് കൈയില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.)
സൂര്യന്‍- ഭൂമി,ഞാനല്ല അതിന് ഉത്തരവാദി.നിന്റെ മനുഷ്യരാണ്.അവര്‍ മരങ്ങള്‍ മുറിച്ചില്ലേ?വായു മലിനപ്പെടുത്തിയില്ലേ? പിന്നെ എങ്ങനെ ചൂട് കൂടാതിരിക്കും?
അപ്പോള്‍ മറ്റു ഗ്രഹങ്ങള്‍-ശരിയാണ്.ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല.കാരണം ഞങ്ങളില്‍ മനുഷ്യരില്ലല്ലോ..

 
കുട്ടികള്‍ക്ക് ക്ലാസുമുറിയില്‍ ഇങ്ങനെ നാടകം കളിച്ച് മുന്‍പരിചയമില്ല.എങ്കിലും നാലു ഗ്രൂപ്പുകളും വ്യത്യസ്തമായ രീതിയില്‍ ആലോചിച്ചിരിക്കുന്നു.




ഒരു ഗ്രൂപ്പ് നാടകം തുടങ്ങിയത് സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് കോപ്പര്‍നിക്കസ്സ് വിളിച്ചു പറയുന്നിടത്തുനിന്നാണ്.അപ്പോള്‍ ആളുകള്‍ വന്ന് കോപ്പര്‍നിക്കസ്സിനെ പരിഹസിക്കുന്നു.
മറ്റൊരു ഗ്രൂപ്പിന്റേത് ഗലീലിയോ തന്റെ ദൂരദര്‍ശിനിയിലൂടെ കാണുന്ന ആകാശക്കാഴ്ചകളില്‍ നിന്നാണ്.
സൗരയൂഥം രൂപപ്പെടാനിടയായ മഹാവിസ്ഫോടനത്തെകുറിച്ച് ടീച്ചര്‍ കുട്ടികളോട് വിശദീകരിക്കുന്ന സമയം അതു രംഗത്ത് അവതരിപ്പിച്ചുകൊണ്ടാണ്   ഇനിയൊരു ഗ്രൂപ്പ് നാടകം അവതരിപ്പിച്ചത്.
ഗ്രഹങ്ങളായുള്ള കുട്ടികളുടെ വേഷപ്പകര്‍ച്ചയാണ് എന്നെ ഏറെ വിസ്മയിപ്പിച്ചത്.


വ്യാഴം എന്ന ഗ്രഹം ഒരു കൂളിങ്ങ് ഗ്ലാസ് വെച്ചിരിക്കുന്നു.തലയില്‍ ഒരു ത്തുണി കെട്ടിയിരിക്കുന്നു.പോരാത്തതിന് ഒരു കൊമ്പന്‍ മീശയും!



ശുക്രന്‍ ഒരു ചുവന്നതൊപ്പിയിട്ട് മുഖമാകെ മറച്ചിരിക്കുന്നു. രാവിലെ മുതലേ ആ വേഷത്തിലാണ് അവന്റെ നടപ്പ്.

നെപ്റ്റ്യൂണ്‍ ഒരു മുഖം മൂടി ധരിച്ചിരിക്കുന്നു.
ഭൂമി ഒരു നിലത്തൊപ്പിവെച്ച് നീല ഷാളും ചുറ്റിയിരിക്കുന്നു.


ഒരു മഞ്ഞത്തുണികൊണ്ട് ദേഹമാസകലം  പൊതിഞ്ഞ് ഒരു മുഖം മൂടിയും വെച്ചാണ് സൂര്യന്റെ നടത്തം.


ഗ്രഹങ്ങളുടെ ചില പ്രത്യേകതകള്‍ക്കനുസരിച്ചായിരിക്കണം കുട്ടികള്‍ ഇവയുടെ വേഷം രൂപകല്പന ചെയ്തത്.ഓരോ ഗ്രഹത്തിനും ഓരോ വ്യക്തിത്വമുണ്ടെന്ന് അവര്‍ കരുതിയിരിക്കണം.


സൗരയൂഥം എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം അമൂര്‍ത്തമായ ആശയമാണ്. അതിനെ നാടകമാക്കുക എന്നത് ഏറെ പ്രയാസകരവും.അത് കുട്ടികള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു എനിക്ക്.അവതരണത്തില്‍ വേണ്ടത്ര മുന്‍ പരിചയമില്ലാത്തതിന്റെ പ്രശ്നമുണ്ടായിരുന്നെങ്കിലും അവരുടെ ആലോചനയും തയ്യാറെടുപ്പും താത്പര്യവുമൊക്കെ ഈ പ്രവര്‍ത്തനത്തെ വിജയത്തിലെത്തിച്ചു.


നാടകാവതരണം വരെയുള്ള ഏതാണ്ട് ഒരാഴ്ചക്കാലം നീണ്ടുനിന്ന കുട്ടികളുടെ ഈ തയ്യാറെടുപ്പ് തന്നെയായിരുന്നു അതിലെ പഠനം.ഓരോ ഗ്രൂപ്പിന്റേയും രഹസ്യമായ  ആ ആലോചന,ആശയം കണ്ടെത്തല്‍,കഥാപ്പാത്രങ്ങളെ നിശ്ചയിക്കല്‍,ഒഴിവു സമയങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള റിഹേഴ്സല്‍,അതിന്റെ സംഘാടനം,വേഷം സംഘടിപ്പിക്കല്‍,പിന്നെ അവതരണവും...പഠനത്തിനും വികാസത്തിനുമുള്ള അനവധി സാധ്യതകളാണ് ഈ ഒരു പ്രവര്‍ത്തനം കുട്ടികള്‍ക്കുമുന്നില്‍ തുറന്നിട്ടത്.

അഞ്ചാം ക്ലാസിലെ സാമൂഹ്യപാഠത്തിലെ 'പ്രപഞ്ചത്തിലൂടെ' എന്ന പാഠം പതിവു രീതിയിലായിരുന്നില്ല ഞാന്‍ ആസൂത്രണം ചെയ്തത്. കുട്ടികളെ ഒന്നും പഠിപ്പിച്ചില്ല.പകരം വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ അവരെ കടത്തിവിട്ടു. നാടകവും ചിത്രംവരയും നിര്‍മ്മാണവും എഴുത്തും വായനയും ശേഖരണവും ആകാശനിരീക്ഷണവുമൊക്കെ അതില്‍ ഉള്‍പ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കുട്ടികള്‍ പ്രധാനമായും പാഠപുസ്തകളെ ആശ്രയിച്ചു.പാഠപുസ്തകങ്ങള്‍ അവര്‍ക്ക് പല ആവര്‍ത്തി തലങ്ങുംവിലങ്ങും വായിക്കേണ്ടി വന്നു. ക്ലാസ് ലൈബ്രറിയില്‍ സൗരയൂഥവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍,പത്രകട്ടിങ്ങുകള്‍,പത്രങ്ങളിലെ കുട്ടികള്‍ക്കായുള്ള പേജുകള്‍ എന്നിവ  സജ്ജീകരിച്ചു.സൗരയൂഥത്തെക്കുറിച്ചുള്ള,രസകരമായ മൂന്നോ നാലോ വീഡിയോകള്‍ അവരെ കാണിച്ചു കൊടുത്തു.കുട്ടികളെ  നാലു ഗ്രൂപ്പുകളായി തിരിച്ചു.ഓരോ ഗ്രൂപ്പിന്റേയും ഉത്പ്പന്നങ്ങളും അവതരണങ്ങളും കുട്ടികള്‍ പരസ്പരം വിലയിരുത്തി.പിന്നെ ഞാനും വിലയിരുത്തി.രണ്ടു വിലയിരുത്തലുകളും പരിഗണിച്ചുകൊണ്ട് ഓരോ ഗ്രൂപ്പിനേയും ഗ്രേഡുചെയ്തു.എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒടുവില്‍ ഏറ്റവും കൂടുതല്‍ പോയന്റു നേടിയ ഗ്രൂപ്പിനെ കണ്ടെത്തി.

സ്വതവേ വിരസമായേക്കാവുന്ന ഒരു പാഠം അങ്ങനെ  കുട്ടികള്‍ ഏറെ താതാപര്യത്തോടേയും ആഹ്ലാദത്തോടേയും ഏറ്റെടുത്തു.

സൗരയൂഥം-വരയും മാതൃകയും



സൗരയൂഥത്തിന്റെ വരയും മാതൃകയുടെ നിര്‍മാമാണവും കുട്ടികളെ തെല്ലൊന്നുമല്ല ആഹ്ലാദിപ്പിച്ചത്.അത് അവരെ ഏറെ പഠിപ്പിക്കുകയും ചെയ്തു.

നാലു ഗ്രൂപ്പുകള്‍ക്ക് ക്ലാസുമുറിയിലെ നാലു സ്ഥലങ്ങള്‍  വീതിച്ചു നല്‍കി.ഓരോ ഗ്രൂപ്പിനും ആവശ്യമായ കളര്‍ ചോക്കുകള്‍ നല്‍കി.അപ്പോഴാണ് കുട്ടികള്‍ മറ്റൊന്ന് ആവശ്യപ്പെട്ടത്. ഭ്രണപഥം വരയ്ക്കാന്‍ ചരടുവേണം.ഞാനത് കരുതിയിരുന്നില്ല. ഇങ്ങനെയൊരാവശ്യം എനിക്ക് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നില്ല.ഞാന്‍ വേഗം തന്നെ  ചരടുകള്‍ സംഘടിപ്പിച്ചു നല്‍കി.കുട്ടികള്‍ വര തുടങ്ങി.
അപ്പോഴാണ് കുട്ടികളില്‍ കൂടുതല്‍ സംശയങ്ങള്‍ മുളപൊട്ടിയത്.അവര്‍ ചോദ്യങ്ങളുമായി എന്നെ സമീപിക്കാന്‍ തുടങ്ങി.



ഓരോ ഭ്രമണപഥവും തമ്മില്‍ എത്ര അകലമുണ്ടാകും?എല്ലാ ഭ്രമണപഥങ്ങള്‍ക്കു മിടയിലുള്ള അകലം തുല്യമാണോ?ഓരോ ഗ്രഹത്തിന്റേയും വലുപ്പം എത്രയാണ്?
പാഠപുസ്തകത്തില്‍ ഓരോ ഗ്രഹത്തിനും നിറം നല്‍കിയിട്ടുണ്ട്.ശരിക്കും ഗ്രഹങ്ങള്‍ക്ക് ഇങ്ങനെ നിറമുണ്ടോ?
കുട്ടികളുടെ ചോദ്യങ്ങള്‍ എന്നെ കുഴക്കിയെങ്കിലും ഓരോന്നിനും തൃപ്തികരമായ രീതിയില്‍ ഞാന്‍ മറുപടി നല്‍കി.പുതിയ ചോദ്യങ്ങളുമായി അവര്‍ ഇടക്കിടെ എന്നെ സമീപിച്ചുകൊണ്ടിരുന്നു.


വര ഗ്രൂപ്പിലെ കുട്ടികളെ പരസ്പരം ഒരുമിപ്പിച്ചു.അവര്‍ ചുമതലകള്‍ വീതിച്ചെടുത്തു.ഓരോ ഘട്ടത്തിലും അവര്‍ നന്നായി ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു.തെറ്റുപറ്റുമ്പോള്‍ പരസ്പരം തിരുത്തി.വരച്ചും മായ്ച്ചും വീണ്ടും വരച്ചും കുട്ടികള്‍ തങ്ങളുടെ വര മെച്ചപ്പെടുത്തി.വര പൂര്‍ത്തിയായപ്പോള്‍ കുട്ടികള്‍ അത് മാറി നിന്ന് നോക്കിക്കണ്ടു. ഓരോ ഗ്രൂപ്പും മറ്റു ഗ്രൂപ്പുകളുടെ ചിത്രങ്ങള്‍ വിലയിരുത്തി.സ്ക്കോര്‍ ചെയ്തു.മികച്ച ചിത്രം ഏതു ഗ്രൂപ്പിന്റേതാണെന്നു കണ്ടെത്തി.അതിനുള്ള ന്യായീകരണങ്ങളും അവതരിപ്പിച്ചു.


അടുത്ത ദിവസം കുട്ടികള്‍ സൗരയൂഥത്തിന്റെ മാതൃക നിര്‍മ്മിക്കുകയായിരുന്നു.കുട്ടികള്‍ നല്ല തയ്യാറെടുപ്പോടു കൂടിയായിരുന്നു അന്ന് ക്ലാസിലെത്തിയത്.പലതരം ഷാളുകള്‍,നൂലുകള്‍,തുണിക്കഷണങ്ങള്‍,വിവിധ വലുപ്പത്തിലുള്ള പന്തുകള്‍,ബലൂണുകള്‍ എന്നുവേണ്ട അവര്‍ കൈയില്‍ കിട്ടിയ സകല വസ്തുക്കളും കരുതിയിരുന്നു.

കുട്ടികള്‍ നല്ല ഉത്സാഹത്തിലായിരുന്നു.അവര്‍ നിര്‍മ്മാണം ആരംഭിച്ചു.ചിലര്‍ കൈയില്‍ കരുതിയ തുണി കത്രിക കൊണ്ട് നിളത്തില്‍ മുറിച്ചെടുക്കുകയാണ്.രണ്ടു
ജനാലകളെ ബന്ധിപ്പിച്ചുകൊണ്ട് ഷാളുകള്‍ തൂക്കിയിടുയാണ് മറ്റൊരു കൂട്ടര്‍.ഇനി ചിലരാകട്ടെ  വെളുത്ത നൂലുകള്‍ കട്ടിയില്‍ മടക്കിയെടുക്കുകയാണ്.മറ്റുചിലര്‍ പന്തുകള്‍ നിറമുള്ള തുണികളില്‍ പൊതിഞ്ഞെടുക്കുകയാണ്.ഗ്രഹങ്ങള്‍ക്ക് അവയുടെ നിറങ്ങള്‍ നല്‍കാനാണ് ഇത്.ഓരോ ഗ്രൂപ്പിന്റേയും വ്യത്യസ്തമായ ആലോചനകള്‍.



ഒരു ഉരുളന്‍ കല്ലില്‍ കോമ്പസുകൊണ്ട് കുത്തിവരയ്ക്കുകയായിരുന്നു ധനരാജ്.
"ധനരാജ് എന്താണുചെയ്യുന്നത്?” ഞാന്‍  ചോദിച്ചു.
"ഇത് ചൊവ്വ ഗ്രഹമാണ്."കല്ല് എനിക്കുനേരെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അവന്‍ പറഞ്ഞു."ഇതില്‍ ജലമൊഴുകിയ പാടുകളുണ്ടാക്കുകയാണ് ഞാന്‍.”
അവന്റെ ഗൗരവം കണ്ടപ്പോള്‍ എനിക്കു ചിരിപൊട്ടി.അവന്‍ കല്ല് ഭ്രമണപഥത്തില്‍ കൊണ്ടുപോയി വെച്ചു.അവിടെ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ ധാരാളം മണിക്കല്ലുകള്‍ വിതറിയിട്ടുണ്ട്.
"ഒക്കെ ക്ഷുദ്ര ഗ്രഹങ്ങളാണ്."ആ കല്ലുകളിലേക്ക് ചൂണ്ടിക്കൊണ്ട് കീര്‍ത്തന പറഞ്ഞു.



നിര്‍മ്മാണത്തിനുശേഷം ഓരോ ഗ്രൂപ്പും മറ്റുള്ളവരുടെ സൃഷ്ടികളെ വിലയിരുത്തി ഫീഡ്ബാക്കുകള്‍ നല്‍കി.ഒപ്പം ഓരോന്നിനേയും  ഗ്രേഡ് ചെയ്തു. കൂടാതെ  ഞാനും  മാതൃകകള്‍ വിലയിരുത്തി ഫീഡ്ബാക്കുകള്‍ നല്‍കി.




സൗരയൂഥം-ചാര്‍ട്ടുകളിലൂടെ

വരയ്ക്കും മാതൃക നിര്‍മ്മിക്കലിനും മുന്നേ ചെയ്ത പ്രവര്‍ത്തനമായിരുന്നു ചാര്‍ട്ടു തയ്യാറാക്കല്‍.
ഓരോ ഗ്രൂപ്പും സൗരയുഥത്തെക്കുറിച്ച് ഓരോ ചാര്‍ട്ട് തയ്യാറാക്കണം.ചാര്‍ട്ട് വിലയിരുത്തും.വിലയിരുത്തുമ്പോള്‍ അതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയായിരിക്കണം?കുട്ടികളുമായി ചര്‍ച്ച ചെയ്ത് മാനദണ്ഡങ്ങള്‍ തയ്യാറാക്കി.


  • ചാര്‍ട്ട് ആകര്‍ഷകമായിരിക്കണം
  • അതില്‍ ചിത്രങ്ങള്‍ വേണം.
  • സൗരയുഥത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ സംക്ഷിപ്തമായി രേഖപ്പെടുത്തിയിരിക്കണം.
  • പുതുമയുണ്ടായിരിക്കണം
ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓരോ ഗ്രൂപ്പും ചാര്‍ട്ട് തയ്യാറാക്കാന്‍ തുടങ്ങിയത്.

മറ്റുള്ളവരുടേതില്‍ നിന്നും തങ്ങളുടെ ചാര്‍ട്ടിന് എന്തെങ്കിലും ഒരു വ്യത്യസ്തത വേണമന്ന് ഓരോ ഗ്രൂപ്പും ആഗ്രഹിച്ചു.അവര്‍ രഹസ്യമായി ആലോചന നടത്തി.ഒഴിവു സമയങ്ങള്‍ അവര്‍ ചാര്‍ട്ട് നിര്‍മ്മാണത്തിനുവേണ്ടി ഉപയോഗിച്ചു. ഗ്രൂപ്പുകള്‍ക്ക്  ആവശ്യമായ സാമഗ്രികള്‍ ഞാന്‍ ക്ലാസില്‍ തയ്യാറാക്കി വെച്ചു.

 നിശ്ചയിച്ച സമയത്തിനകം തന്നെ കുട്ടികള്‍ ചാര്‍ട്ട് പൂര്‍ത്തിയാക്കി.
ഓരോ ഗ്രൂപ്പും മുന്നോട്ടു വന്ന് തങ്ങളുടെ ചാര്‍ട്ടുകള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.അവതരണത്തിനുശേഷം മറ്റു ഗ്രൂപ്പുകള്‍ അവരോട് ചോദ്യങ്ങള്‍ ചോദിച്ചു.മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി ചാര്‍ട്ട് വിലയിരുത്തി ഗ്രേഡുചെയ്തു.


ഗ്രൂപ്പ് ക്വിസ്

പാഠഭാഗത്തെ ആസ്പദമാക്കിയുള്ള ഗ്രൂപ്പ്ക്വിസായിരുന്നു അടുത്ത പ്രവര്‍ത്തനം.ഓരോ ഗ്രൂപ്പും പാഠഭാഗത്ത് നല്‍കിയ വിവരങ്ങളെ ആസ്പദമാക്കി ക്വസ്സിനുള്ള പരമാവധി ചോദ്യങ്ങള്‍ തയ്യാറാക്കി. മറ്റു ഗ്രൂപ്പുകള്‍ ചോര്‍ത്താതിരിക്കാന്‍ അതീവ രഹസ്യമായാണ് അവര്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയത്.


തൊട്ടടുത്ത ദിവസം ക്വിസ് നടത്തി. ഗ്രൂപ്പുകള്‍ അവര്‍ തയ്യാറാക്കിയ ചോദ്യങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിച്ചു.പിന്നീട്  പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചു.ചോദ്യങ്ങള്‍ പാസ് ചെയ്യുന്നതിനനുസരിച്ച് ചോദ്യകര്‍ത്താക്കള്‍ക്ക് സ്കോര്‍ ലഭിക്കും.ഇത് മത്സരം കൂടുതല്‍ കടുപ്പിച്ചു.അവര്‍ വിഷമം പിടിച്ച ചോദ്യങ്ങള്‍ കണ്ടെത്തി ചോദിച്ചു.ഇത് പാഠപുസ്തകത്തിന്റെ തലങ്ങും വിലങ്ങുമുള്ള വായനയിലേക്ക് കുട്ടികളെ നയിച്ചു.

സൗരയുഥത്തെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടുള്ള വിവരണം തയ്യാറാക്കല്‍,ഇഷ്ടപ്പെട്ട ഗ്രഹത്തെക്കുറിച്ച് കുറിപ്പ് തയ്യാറാക്കല്‍,രാത്രിയിലെ ആകാശക്കാഴ്ചകള്‍-നിരീക്ഷണക്കുറിപ്പ് തയ്യാറാക്കല്‍,ചൊവ്വാഗ്രത്തിലെ പര്യവേഷണങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കല്‍  എന്നിവയായിരുന്നു ഈ പാഠത്തില്‍ നല്‍കിയ മറ്റു പ്രവര്‍ത്തനങ്ങള്‍.


പ്രപഞ്ചത്തിലൂടെ എന്ന പാഠം അഞ്ചാം ക്ലാസുകാര്‍ സ്വയം പഠിക്കുകയായിരുന്നു.അതിലെ ഓരോ പ്രവര്‍ത്തനത്തിലൂടേയും അവര്‍ അതീവ താത്പര്യത്തോടെയാണ് കടന്നു പോയത്.അത് കുട്ടികളെ ഏറെ സന്തോഷിപ്പിക്കുകയുണ്ടായി.പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആഗ്രഹം കുട്ടികളിലുണര്‍ത്താന്‍ തീര്‍ച്ചയായും ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചു.സൗരയൂഥം ഇന്ന് കുട്ടികളുടെ ഇഷ്ടപ്പെട്ട വിഷയമാണ്.