ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday 31 January 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-ഫെബ്രുവരി മാസം

2016
ഫെബ്രുവരി




ഫെബ്രുവരി 1തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • Creative work in English-Skit,Choreography,Magazine-Presentation and assessment
  • കവിതയുടെ ദൃശ്യാവിഷ്ക്കാരം-നാലു ഗ്രൂപ്പുകള്‍,നാലു കവിതകള്‍(ഈ ആഴ്ച)

ഫെബ്രുവരി 2 ചൊവ്വ

ജി.ശങ്കരക്കുറുപ്പ് ചരമദിനം

  • അസംബ്ലി-ജി.ശങ്കരക്കുറുപ്പ് അനുസ്മരണം
  • ജി.കവിതയുടെ ആലാപനം
  • സാഹിത്യ ക്വിസ്-വിദ്യാരംഗം കലാസാഹിത്യവേദി


ഫെബ്രുവരി 8 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കവിതയുടെ ദൃശ്യാവിഷ്ക്കാരം-അവതരണം,വിലയിരുത്തല്‍
  • സ്റ്റോറി തീയറ്റര്‍-കഥകളുടെ ദൃശ്യാവിഷ്ക്കാരം(നാലു കഥകള്‍,നാലു ആവിഷ്ക്കാരങ്ങള്‍)(ഈ ആഴ്ച)


ഫെബ്രുവരി 9 ചൊവ്വ
യൂണിറ്റ് വിലയിരുത്തല്‍-ആരംഭം

ഫെബ്രുവരി 11വ്യാഴം

തോമസ് ആല്‍വാ എഡിസന്‍-ജന്മദിനം

  • അസംബ്ലി-എഡിസന്‍ അനുസ്മരണം
  • ശാസ്ത്ര പരീക്ഷണമേള-സയന്‍സ് ക്ലബ്ബ്
  • ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പരീക്ഷണങ്ങള്‍ അവതരിപ്പിക്കല്‍,മികച്ചത് തെരഞ്ഞെടുക്കല്‍)

 ഫെബ്രുവരി 15 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • സ്റ്റോറി തീയറ്റര്‍-കഥകളുടെ ദൃശ്യാവിഷ്ക്കാരം-അവതരണവും വിലയിരുത്തലും
  • My Profile-ക്ലാസിലെ മുഴുവന്‍ കുട്ടികളുടേയും പ്രൊഫൈല്‍ ഇംഗ്ലീഷില്‍ തയ്യാറാക്കല്‍-ഗ്രൂപ്പ്(ഈ ആഴ്ച)
SRG യോഗം
  • യൂണിറ്റ് വിലയിരുത്തല്‍-അവലോകനം
  • കുട്ടികളുടെ പഠന നിലവാരം-ചര്‍ച്ച
  • ആവശ്യമായ പിന്തുണ-ആസൂത്രണം

ഫെബ്രുവരി 19 വെള്ളി
ഫിലിം ക്ലബ്ബ്

  • സിനിമാ പ്രദര്‍ശനം
  • ദ കിഡ്-ചാര്‍ളി ചാപ്ലിന്‍
  • സംവാദം


ഫെബ്രുവരി 22 തിങ്കള്‍

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • My Profile-Presentation and assessment
  • ക്ലാസ് പത്രം-നാലു ഗ്രൂപ്പ്,നാല് പത്രം

SRG യോഗം

  • ക്ലാസ് പിടിഎ-ആസൂത്രണം
 
 ഫെബ്രുവരി 25 വ്യാഴം
ക്ലാസ് പിടിഎ

  • യൂണിറ്റ് വിലയിരുത്തല്‍-കുട്ടികളുടെ പഠനനിലവാരം പങ്കുവയ്ക്കല്‍
  • പോര്‍ട്ട് ഫോളിയോ sharing,കുട്ടികളുടെ അവതരണങ്ങള്‍
  • കുട്ടിയെക്കുറിച്ച്  അമ്മയും അമ്മയെക്കുറിച്ച് കുട്ടിയും
  • മാര്‍ച്ച് മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
  • മറ്റു കാര്യങ്ങള്‍

 ഫെബ്രുവരി 29 തിങ്കള്‍
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം(രാമന്‍ ഇഫക്ട്)

  • അസംബ്ലി-സി.വി.രാമന്‍ അനുസ്മരണം
  • സ്ലൈഡ് ടോക്ക്-സി.വി.രാമനും രാമന്‍ ഇഫക്ടും(സയന്‍സ് ക്ലബ്ബ്)

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • ക്ലാസ് പത്രം-പ്രകാശനവും വിലയിരുത്തലും
  • പഴഞ്ചൊല്‍പയറ്റ്-പഴഞ്ചൊല്‍ ശേഖരണവും വ്യാഖ്യാനവും(ഗ്രൂപ്പ്)


Sunday 17 January 2016

സാമൂഹ്യശാസ്ത്രക്ലാസില്‍ എന്തുകൊണ്ട് നാടകം?

ക്ലാസുമുറിയിലെ നാടകം -  2


കുട്ടികള്‍ക്ക് പൊതുവെ ഇഷ്ടമല്ലാത്ത വിഷയമാണ് സാമൂഹ്യശാസ്ത്രം.മുതിര്‍ന്ന ക്ലാസുകളില്‍, വിഷയത്തിന്റെ ആഴവും പരപ്പും വര്‍ദ്ധിക്കുന്നതോടെ കുട്ടികള്‍ സാമൂഹ്യശാസ്ത്രപഠനത്തില്‍ പുറകോട്ടുപോകുന്നതായി കാണാം.അത് വിഷയത്തിന്റെ കുഴപ്പമല്ല.പിന്നെ എവിടെയാണ് കുഴപ്പം?

കുട്ടികളുടെ പ്രായമോ അവരുടെ മാനസിക നിലവാരമോ പരിഗണിക്കാതെയാണ് പലപ്പോഴും കുട്ടികള്‍  എന്തുപഠിക്കണം എന്നുതീരുമാനിക്കുന്നത്.ഉദാഹരണമായി അഞ്ചാം ക്ലാസിലെ സാമൂഹ്യശാസ്ത്രപാഠപുസ്തകം പരിശോധിച്ചു നോക്കുക.ഇന്ത്യയുടെ പ്രാചീന ചരിത്രപഠനത്തിനാണ് അതില്‍ പ്രാധാന്യം കൊടുത്തിരിക്കുന്നത്.പ്രാചീനശിലായുഗം മുതല്‍ ഋഗ്വേദകാലവും പില്‍ക്കാലവേദകാലവും തമിഴകവും സംഘകാലവുമൊക്കെ പിന്നിട്ട്, അത് മഗധയിലും ബുദ്ധമതത്തിന്റെ ആവിര്‍ഭാവത്തിലും അശോകചക്രവര്‍ത്തിയിലുമൊക്കെയായി വിവിധ യൂണിറ്റുകളില്‍   പരന്നുകിടക്കുന്നു.ഇതൊക്കെ പഠിക്കേണ്ടത് 9-10വയസ്സുള്ള കുട്ടികളാണെന്ന് ഓര്‍ക്കുക.പ്ലസ് ടു തലത്തില്‍ കുട്ടികള്‍ പഠിക്കേണ്ടത് അഞ്ചാം ക്ലാസിലെ കുട്ടികളുടെ തലയില്‍ കുത്തിനിറയ്ക്കാനാണ് പാഠപുസ്തകം ആവശ്യപ്പെടുന്നത്.ചരിത്രത്തെക്കുറിച്ചും കാലഗണനയെക്കുറിച്ചുമുള്ള ഇത്തരം ഗഹനമായ conceptകള്‍ രൂപപ്പെടുത്താന്‍ പത്തുവയസ്സുകാരന്റെ മാനസിക നിലവാരത്തിന് കഴിയുമോ എന്ന പ്രാഥമികമായ ആലോചനപോലുമില്ലാതെയാണ്പാഠപുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഇനി ഏഴാം ക്ലാസിലാണെങ്കിലോ? ആദ്യ യൂണിറ്റ് യൂറോപ്യന്‍ നവോത്ഥാനവും!

രണ്ടാമതായി സാമൂഹ്യശാസ്ത്രപാഠപുസ്തകം കേവല വിവരങ്ങള്‍ മാത്രമായി കുത്തിനിറക്കപ്പെട്ടിരിക്കുന്നു.വിവരങ്ങളുടെ അപഗ്രഥനം,താരതമ്യപഠനം  എന്നിവയ്ക്കുള്ള പ്രാധാന്യം കുറച്ച് അത് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തല്‍ മാത്രമായി പലയിടത്തും ചുരുക്കിക്കളഞ്ഞു.ക്ലാസുമുറിയില്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാധാന്യം കുറച്ചു.ബോധനരീതി അധ്യാപകനില്‍ കേന്ദ്രീകരിക്കപ്പെട്ടു.

പറ്റാവുന്നിടത്തെല്ലാം കുട്ടികളുടെ അനുഭവവുമായി ബന്ധിപ്പിച്ചുകൊണ്ടും കുട്ടികളുടെ ജീവിതപരിസരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ടും പാഠ്യവസ്തുതകള്‍ അവതരിപ്പിക്കാനുള്ള  ഒരു ശ്രമം കഴിഞ്ഞ തവണത്തെ ഏഴാം ക്ലാസിലെ  സാമൂഹ്യശാസ്ത്രപാഠപുസ്തകം മുന്നോട്ടുവെച്ചിരുന്നു.എന്നാല്‍ പുതിയ പുസ്തകം അതിലെ അപാകതകള്‍ പരിഹരിച്ച് മെച്ചപ്പെടുത്തുന്നതിനുപകരം ആ ശ്രമം തള്ളിക്കളയുകയാണ് ചെയ്തത്.കുട്ടികളുടെ അനുഭവമേഖലയുമായി പാഠഭാഗത്തെ ബന്ധിപ്പിക്കാന്‍ കഴിയാത്തത് ഫലത്തില്‍ സാമൂഹ്യശാസ്ത്രപഠനം  വിരസമാക്കി.

ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം സാമൂഹ്യശാസ്ത്രക്ലാസില്‍ നാടകത്തിന്റെ പ്രാധാന്യം ചര്‍ച്ചചെയ്യാന്‍.സാമൂഹ്യശാസ്ത്രപഠനത്തില്‍ നാടകം എന്തുകൊണ്ടാണ് ഉപയോഗിക്കേണ്ടത്?

ക്ലാസുമുറിയിലെ നാടകം കുട്ടികളെ പഠനപ്രവര്‍ത്തനത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു.അധ്യാപകന്‍ പഠിപ്പിച്ചുകൊടുക്കുക എന്നതില്‍ നിന്നും കുട്ടി സ്വയം പഠിക്കുക എന്നതിലേക്ക് ബോധനരീതി മാറുന്നു.പഠനപ്രശ്നം കുട്ടികള്‍ വര്‍ദ്ധിച്ച ഉത്സാഹത്തോടെ ഏറ്റെടുക്കുന്നു.അവര്‍ സംഘം   തിരിയുന്നു.ആലോചനനടത്തുന്നു.കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നു.വ്യത്യസ്ത കാഴ്ചപ്പാടിലൂടെ പ്രശ്നത്തെ നോക്കിക്കാണുന്നു.ചിലപ്പോള്‍ റിഹേഴ്സല്‍ വേണ്ടിവരുന്നു.അവതരിപ്പിക്കുന്നു.

നാടകത്തിലൂടെ കുട്ടികള്‍ പഠനവസ്തുതയെ അനുഭവിക്കുകയാണ് ചെയ്യുന്നത്.അത് ഭാവനയിലാകാം.യഥാര്‍ത്ഥത്തിലാകാം.ഈ അനുഭവമാണ് കുട്ടികളുടെ അറിവായി പരിണമിക്കുന്നത്.അത് വൈകാരികമായി കുട്ടികളെ സ്പര്‍ശിക്കുകകൂടി ചെയ്യും.

ഉദാഹരണമായി സംഘം കൃതികളിലെ അഞ്ചുതിണകളും അവയുടെ ഭൂമിശാസ്ത്രതരപരമായ പ്രത്യകതകളും അഞ്ചാം ക്ലാസിലെ  പാഠഭാഗത്ത് പരാമര്‍ശിക്കുന്നുണ്ട്.പാഠപുസ്തകത്തിലെ കേവലമായ  വിവരങ്ങള്‍ എന്നതിനപ്പുറം നാടകത്തിലൂടെ അതെങ്ങനെ കുട്ടികളള്‍ തങ്ങളുടെ  അനുഭവമാക്കി  മാറ്റുന്നു എന്നു പരിശോധിക്കാം.


  • കുട്ടികള്‍ അഞ്ചു ഗ്രൂപ്പുകളാകുന്നു.
  • ഓരോ ഗ്രൂപ്പിനും ഓരോ തിണ നല്‍കുന്നു.
  • അവര്‍ അതിന്റെ പ്രത്യേകതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.തിണയെ എങ്ങനെ ഒരു നിശ്ചലദൃശ്യത്തിലൂടെ അവതരിപ്പിക്കാം എന്നതാണ് ഇവിടെ കുട്ടികളുടെ മുന്നിലുള്ള പ്രശ്നം. സ്വന്തം ശരീരവും പ്രോപ്പര്‍ട്ടികളും ഉപയോഗിച്ച് ഇതു എങ്ങനെ ചെയ്യാമെന്നത് ഓരോ ഗ്രൂപ്പും ചര്‍ച്ചചെയ്യുന്നു.
  • പ്രോപ്പര്‍ട്ടികള്‍ ശേഖരിക്കാന്‍ കുട്ടികള്‍ക്ക് സമയം അനുവദിക്കുന്നു.
  • നിശ്ചയിച്ച സമയത്തിനകം കുട്ടികള്‍ അവതരിപ്പിക്കുന്നു.ഫ്രീസ് ചെയ്യുന്നു.ആവശ്യമെങ്കില്‍ പശ്ചാത്തല സംഗീതം നല്കുന്നു.
  • അവതരണത്തിനുശേഷം മറ്റുഗ്രൂപ്പുകളിലെ കുട്ടികള്‍ ഫീഡ്ബാക്ക് നല്‍കുന്നു.

ഇവിടെ തിണകള്‍ എന്താണെന്ന അനുഭവം  നാടകാവതരണത്തിലൂടെ കുട്ടികള്‍ സ്വായത്തമാക്കുകയാണ് ചെയ്യുന്നത്.അത് യഥാര്‍ത്ഥ അനുഭവമല്ല.സാങ്കല്‍പ്പികമായ അനുഭവമാണ്.അവരുടെ ഭാവനാശേഷിക്കനുസരിച്ച് അനുഭവങ്ങളുടെ തീവ്രതയില്‍ വ്യത്യാസമുണ്ടാകുമെന്നുമാത്രം.
ഇവിടെ പഠനം നടക്കുന്ന സന്ദര്‍ഭം ഏതാണ്?
  • തിണ എങ്ങനെ അവതരിപ്പിക്കാമെന്ന ചര്‍ച്ചയില്‍ നിന്നാണ് അതു തുടങ്ങുന്നത്.ഉദാഹരണമായി കുറിഞ്ചി എന്താണ്?എങ്ങനെയുള്ള മലനിരകളാണ്?വലുതാണോ?വലിയ പര്‍വ്വതങ്ങള്‍ അതിലുള്‍പ്പെടുമോ?അത് എത്ര നീളത്തിലാണ് ഉണ്ടാകുക?
  •      അത് എങ്ങനെ അവതരിപ്പിക്കാമെന്നതാണ് അടുത്ത    ചര്‍ച്ച.കാണുന്നവര്‍ക്ക് അത് പര്‍വ്വതമായി തോന്നണമെങ്കില്‍ നാം ഓരോരുത്തരും എവിടെ,എങ്ങനെ നില്‍ക്കണം? എന്തൊക്കെ വസ്തുക്കള്‍ വേണം?ക്ലാസുമുറിയിലെ ഏതൊക്കെ വസ്തുക്കള്‍ ഉപയോഗിക്കാം?പുറത്തുനിന്ന് എന്തൊക്കെ കൊണ്ടുവരണം?വസ്തുക്കള്‍ എങ്ങനെ എവിടെ വയ്ക്കണം?

ഇവിടെ വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകും.ഓരോന്നും ചര്‍ച്ച ചെയ്യണം.സ്വീകാര്യമല്ലാത്തവ തള്ളിക്കളയണം.ഒരു പൊതു അഭിപ്രായത്തിലെത്തണം.അത് എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കണം.


മുകളില്‍ സൂചിപ്പിച്ച രണ്ടുഘട്ടങ്ങളിലാണ് പഠനം നടക്കുന്നത്.ഈ  പ്രക്രിയയാണ് പ്രധാനം.അതുകൊണ്ടാണ് ക്ലാസുമുറിയിലെ നാടകത്തില്‍ ഉല്‍പ്പന്നത്തേക്കാള്‍ പ്രക്രിയയ്ക്കാണ് ഊന്നല്‍ നല്‍കേണ്ടത് എന്നു പറയുന്നത്.കുട്ടികളില്‍ പഠനം വികാസവും നടക്കുന്നത് ഈ പ്രകിയാഘട്ടത്തിലാണ്.നാടകാവതരണം അത്ര പ്രധാന്യമുള്ളതല്ല.
നിശ്ചലദൃശ്യങ്ങളുടെ അവതരണത്തിനുശേഷമാണ് കുട്ടികള്‍ തിണകളെക്കുറിച്ചുള്ള കുറിപ്പു തയ്യാറാക്കുന്നത്.

കലിംഗയിലെ അശോക ചക്രവര്‍ത്തിയുടെ യുദ്ധവും യുദ്ധത്തിന്റെ പര്യവസാനം അദ്ദേഹത്തിലുണ്ടാക്കിയ  മനംമാറ്റവും കുട്ടികള്‍ മൂന്നു നിശ്ചല ദൃശ്യങ്ങളിലൂടെയാണ് അവതരിപ്പിച്ചത്.ക്ലാസിനെ 16കുട്ടികള്‍വീതമുള്ള രണ്ടുഗ്രൂപ്പുകളാക്കി.അവതരണത്തിനിടയില്‍ ഓരോ ദൃശ്യവും എന്താണെന്നത് ആ ഗ്രൂപ്പിലെ ഒരു കുട്ടി വിശദീകരിച്ചു.കലിംഗയുദ്ധക്കളവും  അശോകനെയും ഇനി ഒരിക്കലും കുട്ടികള്‍ മറക്കില്ല.മാത്രമല്ല,അശോകനെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനുമുള്ള താത്പര്യവും ഈ പ്രവര്‍ത്തനം കുട്ടികളിലുണ്ടാക്കി.


പഠനത്തിനായി,ക്ലാസുമുറിയില്‍ നാടകം ഉപയോഗിക്കുന്നതോടെ ക്ലാസിലെ മുഴുവന്‍ കുട്ടികളും-ഭിന്ന ശേഷിക്കാരടക്കം  അതില്‍ പങ്കാളികളാകുന്നു.പിന്നോക്കക്കാരായി മുദ്രകുത്തപ്പെട്ട പല കുട്ടികളും ക്ലാസില്‍ സജീവമാകുന്നത് കാണാം.ഇതോടെ സാമൂഹ്യശാസ്ത്രം എന്ന വിഷയം കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായി മാറുന്നു.പരീക്ഷയില്‍ കുട്ടികള്‍ കരസ്ഥമാക്കുന്ന ഗ്രേഡുകളില്‍ പുരോഗതിയുണ്ടാകുന്നു.

നാടകംസ്ഥിരമായി ഉപയോഗിക്കുന്ന ഒരു ക്ലാസുമുറി പഠനത്തോടൊപ്പം മറ്റുപല കഴിവുകളും കുട്ടികളില്‍ അങ്കുരിപ്പിക്കും.പ്രശ്ന-പരിഹരണ ശേഷിയുടെ വികാസം,
ഭാവനയുടേയും സര്‍ഗ്ഗാത്മകതയുടേയും വികാസം,നേതൃത്വപാടവം, കലാപരമായ കഴിവുകള്‍,സഹകരണ മനോഭാവം,സാമൂഹ്യ ഇടപെടലിനുള്ള കഴിവ് എന്നവ ഇവയില്‍ ചിലതുമാത്രം.

നാടകത്തിന്റെ വിവിധ സങ്കേതങ്ങള്‍ ക്ലാസുമുറിയില്‍ പഠനത്തിനായി ഉപയോഗിക്കാന്‍ കഴിയണം.
  • സംഭങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ രൂപീകരിക്കല്‍-ചെറുസംഘങ്ങള്‍ ചേര്‍ന്ന്,വലിയ സംഘങ്ങള്‍ ചേര്‍ന്ന്,ക്ളാസ് മുഴുവനായും
  • നിശ്ചല ദൃശ്യങ്ങള്‍ കമന്ററിയോടു കൂടി അവതരിപ്പിക്കല്‍
  • സംഭവങ്ങളുടെ മൈമിംഗ്
  • ഏകാഭിനയം
  • പാഠഭാഗത്തിന്റെ തല്‍സമയ ഇംപ്രൊവൈസേഷന്‍-ചെറു സംഘങ്ങള്‍ ചേര്‍ന്ന്,വ്യക്തിഗതമായി,വലിയ സംഘങ്ങള്‍ ചേര്‍ന്ന്.
  • സംഭവങ്ങളുടെ ടി.വി.റിപ്പോര്‍ട്ടിങ്ങ്
  • മറ്റൊരാളായി സങ്കല്‍പ്പിച്ചുകൊണ്ടുള്ള അഭിമുഖം
  • റേഡിയോ നാടകം

ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന നാടകസങ്കേതങ്ങള്‍ ക്ലാസുമുറിയിലുപയോഗിക്കുമ്പോഴാണ് ക്ലാസ് സജീവമാകുക.പഠന സന്ദര്‍ഭത്തിനനുസരിച്ച് വേണ്ടത് തെരഞ്ഞെടുക്കാന്‍ അധ്യാപികയ്ക്ക് കഴിയണം.

നാടകത്തിലേക്ക് കടക്കുന്നതിന് മുമ്പ് ദൃശ്യപരമായ അനുഭവങ്ങള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കണം.ചരിത്രസംഭവങ്ങളുടേയും മറ്റും ചിത്രങ്ങള്‍,വീഡിയോകള്‍ എന്നിവ കുട്ടികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കണം .ഇവ പഠനപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കുട്ടികളെ പ്രചോദിപ്പിക്കും.അപ്പോഴാണ് കുട്ടികളുടെ ഭാവന ഉണരുക.പഠനത്തിനായി നാടകത്തെ ഉപയോഗിക്കുന്ന ഒരു ക്ലാസുമുറിയില്‍ മുളപൊട്ടുന്ന കുട്ടികളുടെ വ്യതിരിക്തമായ ആലോചനകള്‍ തീര്‍ച്ചയായും നമ്മെ അത്ഭുതപ്പെടുത്തും.ക്ലാസുമുറി കുട്ടികളുടെ പ്രിയപ്പെട്ട ഇടമായി മാറുന്നതും അപ്പോഴാണ്..




Sunday 10 January 2016

'പുതുവര്‍ഷത്തിലെ ഞാന്‍'


പത്ത് വയസ്സുള്ള ഒരു കുട്ടി എങ്ങനെയാണ് തന്റെ ജീവിതത്തെ വിമര്‍ശനപരമായി നോക്കിക്കാണുക?തന്റെ നേട്ടങ്ങളേയും പരാജയങ്ങളേയും അവന്  വസ്തുനിഷ്ഠമായി  തിരിച്ചറിയാന്‍ കഴിയുമോ? നല്ല ജീവിതത്തെക്കുറിച്ചുള്ള അവന്റെ സ്വപ്നങ്ങള്‍ എന്തൊക്കെയാണ്?ഭാവി ജീവിതം ശോഭനമാക്കാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് എന്തൊക്കെ തീരുമാനങ്ങളാണ് എടുക്കാന്‍ കഴിയുക?

 കുട്ടികള്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് അറിയാനുള്ള കൗതുകമായിരുന്നു മനസ്സില്‍.പുതുവത്സരദിനത്തില്‍ സ്വന്തം ജീവിതത്തെ വിശകലനം ചെയ്യാനുള്ള ഒരവസരം ഞാന്‍ കുട്ടികള്‍ക്കു നല്‍കി.
 അവര്‍ പുതുവര്‍ഷം ആഘോഷിക്കുകയായിരുന്നു.സ്വന്തമായി നിര്‍മ്മിച്ച ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ നല്‍കിയും പുതുവല്‍സരാശംസകള്‍ നേര്‍ന്നും ന്യൂ ഇയര്‍ ഫ്രണ്ടിന് സമ്മാനങ്ങള്‍ നല്‍കിയുമൊക്കെയായിരുന്നു ആഘോഷം.
രാവിലത്തെ ഒന്നുരണ്ടു പിരീഡുകള്‍ അവരുടെ ആഘോഷങ്ങള്‍ക്കായി വിട്ടുനല്‍കി.



ഇടയ്ക്ക് ഞാന്‍ ചോദിച്ചു.
"പുതിയ വര്‍ഷത്തില്‍ നിങ്ങള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന നല്ല തീരുമാനങ്ങള്‍ എന്തൊക്കെയാണ്?”
ക്ലാസിലെ ശബ്ദങ്ങള്‍ പതുക്കെ കെട്ടടങ്ങി.കുട്ടികള്‍ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.ഞാന്‍ ചോദ്യം ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു.കുട്ടികളുടെ ആലോചനയെ ഉണര്‍ത്താന്‍ ഞാന്‍ ചില കാര്യങ്ങള്‍കൂടി കൂട്ടിച്ചേര്‍ത്തു.
"കഴിഞ്ഞ വര്‍ഷം എങ്ങനെയായിരുന്നു?എന്തൊക്കെയായിരുന്നു നിങ്ങളുടെ നേട്ടങ്ങള്‍?പോരായ്മകളോ?കഴിഞ്ഞ വര്‍ഷത്തെപ്പോലെ മതിയോ ഈ വര്‍ഷവും?എന്തൊക്കെ കാര്യങ്ങളാണ് ഈ വര്‍ഷം നിങ്ങള്‍  ജീവതത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?”
ഏതെങ്കിലും ഉദാഹരണങ്ങള്‍ നല്‍കിയില്ല.ചോദ്യം കൂടുതല്‍ വസ്തുനിഷ്ഠമാക്കാന്‍ ശ്രമിച്ചതുമില്ല.അങ്ങനെ ചെയ്യുന്നത് അവരുടെ സ്വതന്ത്രമായ ആലോചനയ്ക്ക് തടസ്സമാകും എന്ന് എനിക്ക് അറിയാമായിരുന്നു.


 കുട്ടികളില്‍ പലരും എന്റെ  മുഖത്തേക്കുതന്നെ നോക്കിയിരിപ്പാണ്.ചിലര്‍ ജനാലയിലൂടെ പുറത്തേക്കു നോക്കുന്നു. നിലത്ത് താടിക്കും കൈയുംകൊടുത്ത് പടിഞ്ഞിരിക്കുകയാണ് അദുലും വിഷ്ണുവും അശ്വതിയും..എല്ലാവരും ആലോചിക്കാന്‍ തുടങ്ങിയിരിക്കുന്നു.എന്റെ ചോദ്യം അവരുടെ തലച്ചോറിനെ ഉഴുതുമറിക്കുകയാണ്.

"നോക്കൂ,എല്ലാവരും ഈ പേപ്പറിലാണ് എഴുതേണ്ടത്.”
ഞാന്‍ ഒരോരുത്തര്‍ക്കും ഓരോ കഷണം പേപ്പര്‍ നല്‍കി.
"അപ്പോ,ഇത് എഴുതിത്തീര്‍ന്നാലോ?"അശ്വതി ആശങ്കപ്പെട്ടു.
"ഇനിയും പേപ്പര്‍തരാം.എന്താ പോരെ?"അശ്വതിക്ക് സമാധാനമായി.അവള്‍ക്ക് ഒരു പക്ഷേ,കൂടുതല്‍ എഴുതാന്‍ കാണും.


നിമിഷങ്ങള്‍ക്കകം കുട്ടികള്‍ എഴുത്തില്‍ മുഴുകി. ക്ലാസ് നിശബ്ദമായി.ഓരോരുത്തരും ഗൗരവത്തോടെയാണ് എഴുതുന്നത്.എല്ലാവരുടേയും ശ്രദ്ധ എഴുത്തില്‍ മാത്രമാണ്.ആര്‍ക്കും സംശയങ്ങളോ ചോദ്യങ്ങളോ ഇല്ല.സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതുമ്പോള്‍ ആരായാലും ഗൗരവക്കാരാകാതെ തരമില്ലല്ലോ.

 ഏതാണ്ട് അര മണിക്കൂര്‍കൊണ്ട് കുട്ടികള്‍ എഴുത്ത് പൂര്‍ത്തിയാക്കി കടലാസ് എന്നെ ഏല്‍പ്പിച്ചു. ഓരോ കുട്ടി എഴുതിയതും ഞാന്‍ ആകാംഷയോടെ വായിച്ചുനോക്കി.

'പുതുവര്‍ഷത്തിലെ എന്റെ ജീവിതം അന്നും ഇന്നും കുസൃതികളും കളിതമാശകളും നിറഞ്ഞതാണ്.ഈ വര്‍ഷം അങ്ങനെപോയി.ഒന്നിനും ഒരു ഉഷാറില്ല.ഒരു പുതു വര്‍ഷത്തിനായി കാത്തിരുന്നു.ദിവസങ്ങള്‍ ഏറെ കൊഴിഞ്ഞുപോയി.കാത്തിരുന്ന നാള്‍ വന്നെത്തി.എന്റെ മുന്നിലിതാ 2016 ജനുവരി 1..എനിക്ക് സന്തോഷമായി.ഇനിയുള്ള കാലം കുസൃതിയോടും കളിതമാശയോടും വിട പറയുന്നു.ഞാനിപ്പോള്‍ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്.വളരുന്തോറും ക്ലാസുകളും മാറും.പഠിത്തത്തില്‍ ഇനി കുറച്ച് കൂടുതല്‍ ശ്രദ്ധ കാണിക്കണം...'

 അവിനാശിന്റേതാണ് രചന.തുടക്കം ഗംഭീരം.അവന്‍ തന്റെ ചില ശീലങ്ങളെ വിമര്‍ശനവിധേയമാക്കുന്നത് നോക്കുക.

'കഴിഞ്ഞ വര്‍ഷം മുഴുവനും ഞാന്‍ രാവിലെ എട്ടുമണിക്കാണ് ഉണര്‍ന്ന് എഴുന്നേല്‍ക്കുക.അമ്മ എന്നും വേഗം എഴുന്നേല്‍ക്കാന്‍ പറയും.പക്ഷേ,ഞാന്‍ എഴുന്നേല്‍ക്കില്ല,അനുസരണയില്ലാത്ത കുട്ടികളെപ്പോലെ.ഞാന്‍ എല്ലാദിവസവും വായിക്കാനെടുക്കുന്ന സമയം ഒരു മണിക്കൂറാണ്.ഇനി ഇതുപോര.ഞാന്‍ പഴയ നാലാം ക്ലാസുകാരനല്ല ഇപ്പോള്‍.ദിവസം രണ്ടു മണിക്കൂറെങ്കിലും വായനയ്ക്ക് വേണ്ടി നീക്കിവയ്ക്കണം.പഠിത്തത്തില്‍ ഒരു ചുവടുകൂടി ഞാന്‍ മുന്നോട്ടുപോകണം....'

ആദിത്യ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്  കടുത്ത ആത്മവിമര്‍ശനത്തോടെയാണ്.
'കഴിഞ്ഞ വര്‍ഷം ഞാന്‍ പ്രകൃതിയെ സ്നേഹിക്കാത്തതിനാല്‍ എനിക്ക് വളരെ അധികം കുറ്റബോധമുണ്ട്.എനിക്കിപ്പോള്‍ എന്നോടുതന്നെ വെറുപ്പ് തോന്നുന്നു....2015ലെ എന്നെ എനിക്കിപ്പോള്‍ വേണ്ട.ഇനിമുതല്‍ ഞാനൊരു പുതിയ കുട്ടിയായിരിക്കും.ചപ്പുചവറുകള്‍ വലിച്ചെറിയില്ല.പ്ലാസ്റ്റിക്ക് കവറുകള്‍ വലിച്ചെറിയില്ല.കൂടാതെ എന്റെ വീടും പരിസരവും സ്ക്കൂളും ഞാന്‍ വൃത്തിയാക്കും.ഞാന്‍ വൃത്തിയാക്കുന്നതുകണ്ട് എന്റെ അച്ഛന്‍ അത്ഭുതപ്പെടും...'


വൈഷ്ണവ് തന്റെ കഴിഞ്ഞുപോയ മടിപുരണ്ട ജീവിതത്തിലേക്ക് എത്തിനോക്കുന്നത് ഇങ്ങനെ:
'...2015ലെ എന്റെ ജീവിതം അത്ഭുതകരമായ ജീവിതമായിരുന്നു.ഞാന്‍ എന്നും വൈകിയാണ് എഴുന്നേല്‍ക്കുന്നത്.ഏകദേശം ഒന്‍പത് മണിക്ക്.സ്ക്കൂള്‍ ഉള്ള ദിവസവും ഇല്ലാത്ത ദിവസവും ഒന്‍പത് മണിക്ക് തന്നെയാണ്.പിന്നീട് അമ്മ തല്ലുന്നത് കൊണ്ട് ഒന്‍പത് മണി എട്ടു മണിയാക്കി.സ്ക്കൂളില്‍ അപ്പോള്‍ വേഗം എത്താന്‍ തുടങ്ങി....2015ല്‍ ഞാന്‍ വളരെ വലിയ ഭാഗ്യവാനായി.എന്റെ ഭാഗ്യം ഇതാണ്.അഞ്ചാം ക്ലാസിലെ ലീഡര്‍ ഞാനായി.ലീഡറായിട്ട് എന്തു കാര്യം!എന്റെ ക്ലാസ് വളരെ മോശം ക്ലാസായി....'


തന്റെ ജീവിതം സുന്ദരമാക്കാന്‍ മാളവിക കണ്ടെത്തുന്ന വഴി ഇതാണ്.
'….വീട്ടില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും നട്ടുവളര്‍ത്തും.അങ്ങനെ ഞാനൊരു നല്ല കൃഷിക്കാരിയാകും.എന്റെ വീട്ടില്‍ പൂന്തോട്ടമുണ്ട്.അതില്‍ പൂക്കള്‍ വിരിഞ്ഞിട്ടുമുണ്ട്.എന്നാലും ഞാന്‍ ഒത്തിരി പൂച്ചെടികള്‍ നടും...'


'എന്റെ ജീവിതം 2016ലേക്ക് ചുവടുവയ്ക്കുന്നു'എന്ന തലക്കെട്ട് നല്‍കിയിരിക്കുന്ന കുറിപ്പില്‍ അഖിലേഷ് തന്റെ കൂട്ടുകാരെക്കുറിച്ച് എഴുതിയത് നോക്കുക.
'ക്ലാസില്‍ എനിക്ക് താങ്ങും തണലുമായി രണ്ടു കൂട്ടുകാരുണ്ട്.വിവേകും അര്‍ജുനനും.ഇവര്‍ എനിക്ക് പഠനത്തിലേക്കുള്ള വഴി കാട്ടിത്തന്നു.ക്ലാസിലെ ലീഡറായ വൈഷ്ണവ് ക്ലാസിനെ മോശമാക്കി.അവന്റകൂടെ അവന് വേണ്ടി പ്രവര്‍ത്തിക്കുന്ന കൂട്ടുകാര്‍.എനിക്കവരെ ബോധവല്‍ക്കരിക്കാന്‍ കഴിഞ്ഞില്ല.ഇനി ഞാന്‍ അവരെ ബോധവല്‍ക്കരിക്കും..'


 'എന്നില്‍ ഉണ്ടായ ഞാന്‍'എന്ന തലക്കെട്ട് നല്‍കിയിരിക്കുന്ന അഭിനവിന്റെ കുറിപ്പിലെ ആത്മ വിമര്‍ശനങ്ങള്‍ നോക്കുക.
'പണ്ടത്തെ എന്റെ ജീവിതം എന്താണെന്ന് അറിയാമോ?അമ്മയോട് വഴക്ക് കൂടലും ചീത്തവിളിക്കലും പിന്നെ അമ്മ പറഞ്ഞത് കേള്‍ക്കാതിരിക്കലും ഉറക്കമുണരാന്‍ എട്ടുമണി ആകലും ഒക്കെയായിരുന്നു അത്.രാത്രിയില്‍ വായന തീരെയില്ല.കള്ളം പറയാലായിരുന്നു എന്റെ  പ്രധാന പരിപാടി.പിന്നെ കാണുന്ന ജീവികളെയെല്ലാം ഞാന്‍ ദ്രോഹിക്കും....2015ലെ എന്റെ ഏറ്റവും വലിയ ദുഖം എന്താണെന്ന് അറിയാമോ? അമ്മ എപ്പോഴും എന്നോട് വായിക്കാന്‍ പറയും.എനിക്ക് അത് കേള്‍ക്കുന്നതുതന്നെ ദേഷ്യമാണ്...'


'പുതുവര്‍ഷത്തിലെ ഞാന്‍' എന്ന ഈ പുസ്തകത്തിലെ 33കുട്ടികളുടേയും സ്വയം വിലയിരുത്തല്‍ കുറിപ്പുകളിലൂടെ കന്നുപോയാല്‍ ഒരു കാര്യം നമുക്ക് ബോധ്യപ്പെടും.പത്തുവയസ്സുള്ള ഒരു കുട്ടിക്ക് സ്വന്തം ജീവിതത്തെ മാറി നിന്ന് നോക്കിക്കാണാനും തന്റെ സ്വഭാവത്തിന്റേയും മനോഭാവത്തിന്റേയും പ്രത്യേകതകള്‍ തിരിച്ചറിയാനും കഴിയും.താന്‍ ഇനിയും മെച്ചപ്പെടേണ്ട മേഖലകളെക്കുറിച്ചുള്ള നേരായ ധാരണകള്‍ കുട്ടികള്‍ക്കുണ്ട്.തന്റെ പോരായ്മകളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് കുട്ടികള്‍ക്കറിയാം.മുതിര്‍ന്നവരും സമൂഹവും വിദ്യാലയവും  കുട്ടികളില്‍ ചാര്‍ത്തിക്കൊടുക്കുന്ന 'നല്ല കുട്ടി' എന്ന സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടാണെങ്കില്‍പ്പോലും കുട്ടികളുടെ ആത്മവിമര്‍ശനങ്ങളും സന്ദേഹങ്ങളും തീരുമാനങ്ങളുമൊക്കെ സ്വന്തം ജീവിതത്തെക്കുറിച്ചുള്ള കുട്ടികളുടെ ആഴത്തിലുള്ള ഉള്‍ക്കാഴ്ച അവതരിപ്പിക്കുന്നുണ്ട്.

പുതുവര്‍ഷത്തില്‍ കുട്ടികള്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ സ്വജീവിതത്തിലേക്ക് പകര്‍ത്താന്‍ അവര്‍ക്കാകുമോ?കണ്ടറിയണം.

ഏതായാലും ഒരു കാര്യം ഞാന്‍ തീരുമാനിച്ചു.ഓരോ ദിവസവും രാവിലെ ക്ലാസു തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഈ പതിപ്പിലെ ഏതെങ്കിലും ഒരു കുട്ടിയുടെ രചന ഞാനവരെ വായിച്ചുകേള്‍പ്പിക്കും.ഇനിയുള്ള എല്ലാദിവസങ്ങളിലും അതു തുടരും.കണ്ണടച്ച് പുസ്തകം തുറന്നാല്‍ കിട്ടുന്ന ഏതെങ്കിലും ഒരു പേജ്.ക്ലാസിലെ നിശബ്ദതയില്‍ ഞാനത് ഉറക്കെ അവരെ വായിച്ചു കേള്‍പ്പിക്കും.അത്രമാത്രം...






Saturday 2 January 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-ജനുവരി മാസം

2016
ജനുവരി




ജനുവരി 1 വെള്ളി
ന്യൂ ഇയര്‍ ആഘോഷം

  • അസംബ്ലി-പുതുവത്സരാശംസകള്‍ നേരല്‍
  • ന്യൂ ഇയര്‍ ഫ്രണ്ടിന് സമ്മാനങ്ങള്‍ നല്‍കള്‍
  • പുതുവത്സരത്തിലെ ഞാന്‍-ക്ലസ് തലം
  • സ്വയം വിശകലനം
  • പുതുവത്സരത്തില്‍ ഒരോരുത്തരും എടുക്കുന്ന തീരുമാനങ്ങള്‍ എഴുതി അവതരിപ്പിക്കല്‍
  • ഇവ ചേര്‍ത്ത് പതിപ്പ് നിര്‍മ്മിക്കല്‍

ജനുവരി 4 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • അവധിക്കാല വായന-പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ്-പതിപ്പ്(വിലയിരുത്തല്‍)
  • ലഘുപരീക്ഷണങ്ങളുടെ ആസൂത്രണം(ഈ ആഴ്ച)

ജനുവരി 6 ബുധന്‍
ക്ലാസ് പിടിഎ

  • രണ്ടാം പാദവാര്‍ഷിക പരീക്ഷ-കുട്ടികളുടെ പ്രകടനം-അവതരണം,ചര്‍ച്ച
  • പോര്‍ട്ട് ഫോളിയോ sharing
  • ഫെബ്രുവരി മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
  • മറ്റു കാര്യങ്ങള്‍

ജനുവരി 8 വെള്ളി
SRG യോഗം

  • ക്ലാസ് പിടിഎ-അവലോകനം
  • കുട്ടികളുടെ പഠനനേട്ടങ്ങള്‍ -ക്ലാസ് നിലവാരം-അവതരണം
  • കുട്ടികളുടെ പഠനനേട്ടങ്ങള്‍-സ്വീകരിക്കേണ്ട പുതിയ തന്ത്രങ്ങള്‍
  • ജനുവരി 16- ആശാന്‍ ചരമദിനം-പ്ലാനിങ്ങ്

ജനുവരി 11 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • ലഘുപരീക്ഷണങ്ങള്‍-അവതരണം,വിലയിരുത്തല്‍
  • പത്രനിര്‍മ്മാണം-നാല് ഗ്രൂപ്പ്,നാല് പത്രങ്ങള്‍


ജനുവരി 13 ബുധന്‍

ഫിലിം ക്ലബ്ബ്

  • സിനിമാ പ്രദര്‍ശനം
  • ദി ബ്രിഡ്ജ്-(കേരള കഫേ)
  • സംവാദം

ജനുവരി 15 വെള്ളി
ജനുവരി 16 ആശാന്‍ ചരമദിനം

  • അസംബ്ലി-ആശാന്‍ അനുസ്മരണം
  • ആശാന്‍ കവിതകളുടെ ആലാപനമത്സരം(വിദ്യാരംഗം കലാസാഹിത്യ വേദി)
SRG യോഗം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍-അവലോകനം
  • പാഠാസൂത്രണം

 ജനുവരി 18 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • നാല് പത്രങ്ങള്‍-പ്രാകാശനവും വിലയിരുത്തലും
  • റിപ്പബ്ലിക്ക് ദിനം -ഗ്രൂപ്പ് ക്വിസ്-തയ്യാറെടുപ്പ് (ഈ ആഴ്ച)


ജനുവരി 22 വെള്ളി
SRG യോഗം

  • പാഠാസൂത്രണം-പഠനപ്രക്രിയയ്ക്ക് പ്രാധാന്യം കൊടുത്ത്
  • റിപ്പബ്ലിക്ക് ദിന ആസൂത്രണം


ജനുവരി 25 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • റിപ്പബ്ലിക്ക് ദിനം -ഗ്രൂപ്പ് ക്വിസ്-അവതരണം(ഗ്രൂപ്പുകള്‍ പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട്)
  • Creative work in English-Skit,Choreography,Magazine-Planning

ജനുവരി 26 ചൊവ്വ
റിപ്പബ്ലിക്ക് ദിനം

  • അസംബ്ലി-പ്രഭാഷണം
  • പതാകയുയര്‍ത്തല്‍
  • മിഠായി വിതരണം
  • ദേശഭക്തി ഗാനാലാപന മത്സരം

ജനുവരി 29 വെള്ളി
ഫിലിം ക്ലബ്ബ്

  • സിനിമാ പ്രദര്‍ശനം
  • The colour of paradise(Iran)
  • സംവാദം

SRG യോഗം

  • യൂണിറ്റ് വിലയിരുത്തല്‍- ആസൂത്രണം
  • എഡിസന്‍ ദിനം(ഫെബ്രുവരി 11വ്യാഴം)-ശാസ്ത്ര പരീക്ഷണമേള-ആസൂത്രണം