ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday 26 June 2016

'അരങ്ങൊരുക്കല്‍' കുട്ടികളെ നല്ല ചിത്രമെഴുത്തുകാരാക്കി


ഒന്നാം ക്ലാസിലെ കുട്ടികള്‍ ഏറെ ആഹ്ളാദത്തിലാണ്.
കഴിഞ്ഞ മൂന്നാഴ്ചയായി ക്ലാസില്‍ 'അരങ്ങൊരുക്കല്‍' പ്രവര്‍ത്തനമാണ് നടക്കുന്നത്.കുട്ടികളുടെ സര്‍ഗ്ഗാത്മക ആവിഷ്ക്കാരത്തിനുള്ള ധാരാളം അവസരങ്ങള്‍ ഈ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയുണ്ടായി.ചിത്രം വരയ്ക്കല്‍,കളികള്‍,നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍,കൊളാഷുകള്‍,നാടക കളികള്‍,കഥ കേള്‍ക്കല്‍,കഥ പറയല്‍, പാട്ടുപാടല്‍,കഥാപുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കല്‍...


ക്ലാസിലേക്ക് പോകുമ്പോഴൊക്കെ കുട്ടികളുടെ ചിരിക്കുന്ന മുഖമാണ് നമ്മെ ഏതിരേല്‍ക്കുക.കുട്ടികള്‍ക്ക് ക്ലാസില്‍ സഞ്ചാര സ്വാതന്ത്ര്യമുണ്ട്.ക്ലാസില്‍ അവര്‍ക്ക് കളിക്കാം.ഇഷ്ടമുള്ളിടത്ത് ഇരിക്കാം.ചിലപ്പോള്‍ നിലത്ത് കമിഴ്ന്ന് കിടന്ന് കുട്ടികള്‍ ചിത്രം വരയ്ക്കുന്നതു കാണാം.ശിശു സൗഹൃദ ഫര്‍ണ്ണിച്ചര്‍ എന്നു വിളിപ്പേരുള്ള എടുത്താപൊങ്ങാത്ത ഡസ്ക്കുകളോ ഇരിപ്പിടങ്ങളോ ഒന്നും ക്ലാസിലില്ല.കുട്ടികളുടെ ഭാഗ്യം.ഉള്ളത് കുറച്ചു ബെഞ്ചുകള്‍ മാത്രം.അത് വൃത്താകൃതിയില്‍ ടീച്ചര്‍ ക്രമീകരിച്ചിരിക്കുന്നു.

 ഒഴിവുസമയത്ത് ഒന്നാം ക്ലാസിന് മുന്നിലൂടെ നടന്നാല്‍ കുട്ടികള്‍ ഓടിയെത്തും.'മാഷേ...'എന്ന് ഉച്ചത്തില്‍ വിളിക്കും.കൈയില്‍ പിടിച്ച് ക്ലസിലേക്ക് വലിക്കും.അവര്‍ വരച്ച ചിത്രങ്ങള്‍ കാണിച്ചു തരും.അതിന്റെ ഫോട്ടോ എടുക്കാന്‍ പറയും.

ഇന്നാളൊരു ദിവസം ഒന്നാം ക്ലാസിലേക്ക് ചെന്നപ്പോള്‍ കുട്ടികള്‍ നിലത്ത് ചിത്രം വരയ്ക്കുകയായിരുന്നു.ടൈല്‍സിട്ട തറ മുഴുവന്‍ ചോക്കു കൊണ്ടുള്ള ചിത്രങ്ങള്‍.പാമ്പും പൂച്ചയും മുയലും എലിയും തവളയുമൊക്കെ ചിത്രത്തിലുണ്ട്.അന്നു രാവിലെ ടീച്ചര്‍ പറഞ്ഞുകൊടുത്ത പാമ്പിന്റെ കഥയ്ക്ക് ഇല്ലസ്ട്രേഷന്‍ നടത്തുകയാണവര്‍.ഓരോകുട്ടിയുടെയുടേയും അടുത്തു പോയി ടീച്ചര്‍ അവരോട് ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.കുട്ടികള്‍ തങ്ങള്‍ വരച്ച ചിത്രത്തെക്കുറിച്ച് ടീച്ചര്‍ക്ക് വിശദീകരിച്ച് കൊടുക്കുന്നു.


ഞാന്‍ ഒരു മിടുക്കനോട് അവന്റെ ചിത്രത്തിലേക്കു ചൂണ്ടി വെറുതെ  ചോദിച്ചു.
"നല്ല തടിയന്‍ പാമ്പാണല്ലോ..ഇതെങ്ങോട്ടാണ് പോകുന്നത്?”
"അങ്ങ് കുളത്തിനടുത്തേക്ക്.അവിടയാണ് പാമ്പിന്റെ വീട്.കൂടെ മുയലുമുണ്ട്.അവരെ കാത്ത് പൂച്ചയും കോഴിയുമുണ്ട്.അവര്‍ കുളത്തില്‍ നിന്ന് വെള്ളം കുടിച്ചു..എന്നിട്ട് നേരെ ആതിരേച്ചിയുടെ വീട്ടിന്റെ മുന്നിലൂടെ പോയി...”


"ആതിരേച്ചിയുടെ വീടെവിടെ?”
"ഈ കുളത്തിന്റെ അപ്പുറത്ത്... കുളത്തില്‍ ഒരു പാട് മീനുണ്ട്."ചോക്കുകൊണ്ട് വരച്ച ഒരു വൃത്തം ചൂണ്ടിക്കാട്ടി അവന്‍ പറഞ്ഞു. 


ഞാന്‍ അത്ഭുതപ്പെട്ടുപോയി!അവന്‍ ചിത്രത്തിലൂടെ ഒരു യാത്ര നടത്തുകയാണ്.ഒരു തരം സര്‍ഗ്ഗാത്മക യാത്ര.യാത്ര നടത്തണമെങ്കില്‍ അവന്റെ അനുഭവ പരിസരം ചിത്രത്തിലേക്ക് സന്നിവേശിപ്പിച്ചാലെ പറ്റൂ.ഭാഷ കൊണ്ടാണ്  അവനിതു സാധ്യമാകുന്നത്.നിലത്തു വലുതായി വരച്ചിട്ട അസംഖ്യം ഇമേജുകള്‍ അവന്റെ ഭാവനയെ ഉത്തേജിപ്പിക്കുന്നുണ്ട്.


ടീച്ചര്‍ പറഞ്ഞുകൊടുത്ത കഥ ഇവിടെ നിരവധി കഥകളായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്.അതുകൊണ്ടാണ് കുട്ടികളുടെ വര അവരുടെ ഭാഷാ ശേഷികളുടെ വളര്‍ച്ചയെ ഏറെ സ്വാധീനിക്കും എന്നു പറയുന്നത്.

മൂന്നാഴ്ച നീണ്ടുനിന്ന അരങ്ങൊരുക്കല്‍ പ്രവര്‍ത്തനം കുട്ടികളുടെ വരയില്‍ എന്തുമാറ്റമാണുണ്ടാക്കിയത്?പരിശോധിച്ചു നോക്കാം.


പൂജ വരച്ച രണ്ടു ചിത്രങ്ങളാണിത്.ഒന്നാമത്തേത്  ആദ്യ ആഴ്ച വരച്ചത്.രണ്ടാമത്തേത് കഴിഞ്ഞ ദിവസം വരച്ചത്.രണ്ടു ചിത്രങ്ങളും പരിശോധിച്ചാല്‍ പൂജയുടെ വരയില്‍ ഗുണപരമായ മാറ്റം കാണാന്‍ കഴിയും.ആദ്യ ചിത്രത്തിലെ ഇമേജുകള്‍ ഫ്ലോട്ടിങ്ങ് ആണ്.എലികളും പൂച്ചകളും ആകാശത്തിലൂടെ പറന്നു നടക്കുകയാണ്.നിറം നല്‍കിയത് വരയ്ക്ക് പുറത്തായിരിക്കുന്നു.വൈവിധ്യമാര്‍ന്ന നിറങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല.
രണ്ടാമത്തെ ചിത്രത്തിലേക്കു വരുമ്പോള്‍ പൂജയുടെ വര കുറേക്കൂടി ബോള്‍ഡായിരിക്കുന്നു.നല്ല ആത്മ വിശ്വാസത്തോടെയാണ് അവള്‍ ചിത്രം വരച്ചിരിക്കുന്നത്.ചിത്രത്തില്‍ ഇമേജുകളുടെ ആധിക്യം കാണാം.ചിത്രത്തില്‍ ഫ്ലോട്ടിങ്ങ് ഇമേജുകള്‍ ഇല്ല.ഒരു ബേസ് ലൈനിനെ അടിസ്ഥാനമാക്കിയാണ് ഇമേജുകള്‍ വിന്യസിച്ചിരിക്കുന്നത്.നിറങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നു.ചിത്രത്തിലെ ഇമേജുകളുടെ ആപേക്ഷിക വലുപ്പം പാലിച്ചിരിക്കുന്നു.
ഇതുപോലെ ക്ലാസിലെ ഓരോ കുട്ടിയുടേയും ചിത്രം പരിശോധിച്ചാല്‍ ഗുണപരമായ മാറ്റം കാണാന്‍ കഴിയും.



കുട്ടികള്‍ വര പതുക്കെ പതുക്കെ   സ്വായത്തമാക്കിയിരിക്കുന്നു.ചിത്രങ്ങളിലെ മൂര്‍ത്തമായ ബിംബങ്ങളില്‍ നിന്നുമാണ് അമുര്‍ത്തമായ അക്ഷരങ്ങളിലേക്കും എഴുത്തു ഭാഷയിലേക്കും കുട്ടി കടക്കുന്നത്. ഇവിടെ ചിത്രം വര എന്നത് എഴുത്തുഭാഷയലേക്ക് കടക്കുന്നതിനുള്ള മുന്നൊരുക്കം കൂടിയാണ്.
 

കുട്ടികളുടെ വരയില്‍ ഗുണപരമായ മാറ്റമുണ്ടാക്കാന്‍ ടീച്ചര്‍ ക്ലാസില്‍ എന്തൊക്കെയാണ് ചെയ്തത്?
ഇവിടെ ചിത്രം വര എന്നത് കേവലമായ പ്രവര്‍ത്തനമല്ല.അതൊരു ഭാഷാ പ്രവര്‍ത്തനം കൂടിയാണ്.ടീച്ചര്‍ പറഞ്ഞുകൊടുത്ത അല്ലെങ്കില്‍ വായിച്ചുകേട്ട കഥയായിരിക്കും കുട്ടികള്‍ വരയ്ക്കുന്നത്. വരച്ച ചിത്രങ്ങള്‍ എല്ലാകുട്ടികള്‍ക്കും പരസ്പരം കാണാനുള്ള അവസരം ടീച്ചര്‍ ക്ലാസില്‍ ഒരുക്കുന്നുണ്ട്


'കഥയില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചിത്രത്തില്‍ വന്നിട്ടുണ്ടോ?കൂടുതലായി എന്തൊക്കെയാണ് വരച്ചിട്ടുള്ളത്?ഈ ചിത്രം ഇഷ്ടപ്പെട്ടോ?എന്തുകൊണ്ട്?'തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ടീച്ചര്‍  ചിത്രങ്ങള്‍
പരസ്പരം വിലയിരുത്തുന്നതിലേക്ക് കുട്ടികളെ നയിക്കുന്നത്.പിന്നീട് തങ്ങള്‍ വരച്ച ചിത്രത്തെക്കുറിച്ച് കുട്ടികള്‍ക്ക് സംസാരിക്കാനുള്ള അവസരമാണ്.ഓരോരുത്തരും പറയുന്നത് എല്ലാവരും കേള്‍ക്കുന്നു.ആദ്യഘട്ടത്തില്‍ ഭൂരിഭാഗം കുട്ടികളും ചിത്രത്തിലെ വസ്തുക്കളുടെ പേരുകള്‍ മാത്രമാണ് പറഞ്ഞിരുന്നത്.പിന്നീട് തങ്ങളുടെ ചിത്രത്തെക്കുറിച്ച് ദീര്‍ഘമായി സംസാരിക്കാന്‍ കുട്ടികള്‍ പ്രാപ്തി നേടി.അവര്‍ ചിത്രത്തില്‍ നിന്നും പുതിയ കഥകള്‍തന്നെ മെനഞ്ഞെടുത്തു. 

ഇനി എഴുത്തുഭാഷ സ്വായത്തമാക്കാനുള്ള പ്രവര്‍ത്തനത്തിലേക്കായിരിക്കും കുട്ടികള്‍ കടക്കുക.പഠനത്തിന്റെ അടുത്ത പടി ചവുട്ടിക്കയറാന്‍ അരങ്ങൊരുക്കല്‍
പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ഏറെ സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല.


















 

Saturday 18 June 2016

ക്ലാസ് ലൈബ്രറികള്‍ കുട്ടികളെ വായനയിലേക്കു നയിക്കും


ഈ വര്‍ഷത്തെ വായനാവാരം ഗംഭീരമായ ആഘോഷമാക്കി മാറ്റാന്‍ തയ്യാറെടുക്കുകയാണ് നമ്മള്‍.ഇതിനിടയില്‍ ഒരു കാര്യം മറന്നുപോകരുത്.കുട്ടികളെ വായനയിലേക്ക് നയിക്കുക എന്നത് അധ്യാപകരുടെ നിരന്തര ശ്രദ്ധയും പ്രചോദനവും ആവശ്യമായ പ്രവര്‍ത്തനമാണ്.അത് ഒരാഴ്ചത്തെ ആഘോഷം കൊണ്ട് അവസാനിപ്പിക്കേണ്ടതല്ല.വര്‍ഷം മുഴുവന്‍ അത് നീണ്ടുനില്‍ക്കണം.ഈ വര്‍ഷം എന്റെ വിദ്യാലയത്തില്‍ എത്ര കുട്ടികളെ നല്ല വായനക്കാരാക്കി മാറ്റാന്‍ കഴിഞ്ഞു  എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ വിജയം.പുസ്തകത്തെ ഇഷ്ടപ്പെടുന്ന,നല്ല വായനക്കാരായ അധ്യാപകര്‍ക്കു മാത്രമേ കുട്ടികളെ വായനയിലേക്ക് നയിക്കാന്‍ കഴിയൂ...


 ക്ലാസിലെ കുട്ടികള്‍ എപ്പോഴാണ് നല്ല വായനക്കാരാകുന്നത്?

വിദ്യാലയത്തിലെത്തുന്ന കുട്ടികള്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത് ക്ലാസുമുറിയിലാണ്.ക്ലാസുമുറിയിലെ അന്തരീക്ഷം കുട്ടികളെ സ്വാധീനിക്കും.അതിന്റെ ഭംഗി.അത് നല്‍കുന്ന സുരക്ഷിതത്വം.അതിലെ സൗകര്യങ്ങള്‍.കുട്ടികളുടെ സര്‍ഗസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍  സൗകര്യമുള്ള അതിന്റെ ചുവരുകള്‍. കുട്ടികള്‍ക്ക് എപ്പോഴും കാണാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ലൈബ്രറി  പുസ്തകങ്ങള്‍... 


 ലൈബ്രറി പുസ്തകങ്ങള്‍ ക്ലാസുമുറിയില്‍ പ്രദര്‍ശിപ്പിക്കുന്നത് കുട്ടികളുടെ  വായനയെ എങ്ങനെയാണ് പരിപോഷിപ്പിക്കുക?
കുട്ടികള്‍ പുസ്തകങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും.പുസ്തകങ്ങള്‍ അവരെ പ്രലോഭിപ്പിക്കും.അതിന്റെ ഭംഗിയുള്ള പുറംചട്ട.കട്ടുറുമ്പുകളെപ്പോലെ വരിവരിയായി സഞ്ചരിക്കുന്ന അതിലെ അക്ഷരങ്ങള്‍.അതിന്റെ താളുകളിലെ വര്‍ണ്ണ ചിത്രങ്ങളില്‍ നിന്നും ഉണര്‍ന്നെഴുന്നേല്‍ക്കുന്ന കഥാപ്പാത്രങ്ങള്‍.കുട്ടികള്‍ പുസ്തകങ്ങള്‍ തൊട്ടുനോക്കും.കൈയ്യിലെടുക്കും. മറിച്ചുനോക്കും.അതിലെ ചിത്രങ്ങള്‍ നോക്കി നില്‍ക്കും.തലക്കെട്ടുകള്‍ വായിച്ചുനോക്കും.പുസ്തകം മണത്തുനോക്കും.തിരികെ വയ്ക്കും.ഇതിനിടയില്‍ എപ്പോഴോ ഈ പുസ്തകം വായിച്ചു നോക്കണമെന്ന ആഗ്രഹം കുട്ടിയില്‍ മുളപൊട്ടും.
ഈ ആഗ്രഹമാണ് കുട്ടികളെ നല്ല വായനക്കാരാക്കി മാറ്റുന്നത്.


വര്‍ഷാവസാനമാകുമ്പോഴേക്കും വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളെയും മികച്ച വായനക്കാരാക്കുക
എന്നതാണ് ഇത്തവണത്തെ വായനാദിനത്തില്‍ ഞങ്ങള്‍ മുന്നോട്ടുവെച്ച ലക്ഷ്യം.
ഈ ലക്ഷ്യം കൈവരിക്കാന്‍ ഒരു വഴിമാത്രമേയുള്ളു എന്ന് ഞങ്ങള്‍ക്കറിയാം-ക്ലാസ് ലൈബ്രറികള്‍ ശക്തിപ്പെടുത്തുക.
ഇത്തവണത്തെ വായനാവാരാഘോഷവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ചെയ്ത ഒരു പ്രധാനപ്പെട്ട പ്രവര്‍ത്തനം ഒരോ ക്ലാസിലേയും ക്ലാസ് ലൈബ്രറികള്‍  പ്രവര്‍ത്തനക്ഷമമാക്കുക എന്നതാണ്.


എന്താണ് ക്ലാസ് ലൈബ്രറി?

കുട്ടികളുടെ സ്വതന്ത്ര വായനയെ പരിപോഷിപ്പിക്കുന്ന ഒരിടമായിരിക്കണം ക്ലാസുമുറി എന്ന ആശയത്തിന് പത്തിരുപത് വര്‍ഷത്തെ പഴക്കമുണ്ട്.അന്ന് അത് വായനമൂലയായിരുന്നു.ബാല പ്രസിദ്ധീകരണങ്ങള്‍ ക്ലാസുമുറിയില്‍ പ്രദര്‍ശിപ്പിക്കുകയും കുട്ടികളുടെ സ്വതന്ത്ര വായനയെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു അതിന്റെ ലക്ഷ്യം.എന്നാല്‍ കാലക്രമത്തില്‍ ഈ നല്ല ആശയത്തിന്റെ  പ്രാധാന്യം കുറയുകയും   മിക്കവാറും  ക്ലാസുമുറികള്‍ വായനാമൂലകളെ കൈയ്യൊഴിയുകയും ചെയ്തു.കുട്ടികളെ വായനയിലേക്കു നയിക്കുന്നതില്‍ ക്ലാസുമുറികള്‍ക്കുള്ള പ്രാധാന്യം ബോധ്യപ്പെട്ട അപൂര്‍വ്വം ചില അധ്യാപകര്‍/അധ്യാപികമാര്‍ അതിനെ മുന്നോട്ടുകണ്ടുപോയി.അത്തരം വിദ്യാലയങ്ങളിലെ കുട്ടികള്‍ വായനയിലും പഠനത്തിലും മികവ് തെളിയിച്ചു.


 ക്ലാസ് ലൈബ്രറിയെന്നാല്‍ വിദ്യാലയത്തിലെ ലൈബ്രറിയില്‍ നിന്നും ടീച്ചര്‍ പുസ്തകങ്ങള്‍ ക്ലാസിലേക്കു കൊണ്ടുവന്ന് കുട്ടികള്‍ക്ക് വിതരണം ചെയ്യലാണെന്ന്
 ധരിച്ചുവെച്ചവരുണ്ട്.പക്ഷേ,അത് ശരിയില്ല.ഏതൊക്കെ പുസ്തകങ്ങളാണ് കുട്ടി വായിക്കേണ്ടതെന്ന് ഇവിടെ ടീച്ചറാണ് നിശ്ചയിക്കുന്നത്.കുട്ടികളുടെ വായനയെക്കുറിച്ചും കുട്ടികള്‍ക്കു വേണ്ടി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും അവരുടെ പ്രായത്തെക്കുറിച്ചും  ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചുമൊക്കെ അറിയാവുന്ന ഒരു ടീച്ചര്‍ക്ക് കുട്ടികള്‍ എന്താണ് വായിക്കേണ്ടതെന്ന് നിശ്ചയിക്കാം.അതില്‍ തെറ്റില്ല.ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുത്ത അത്തരം പുസ്തകങ്ങള്‍ തന്നെയായിരിക്കണം ക്ലാസുമുറിയില്‍ ലഭ്യമാക്കേണ്ടത്.പക്ഷേ,ലഭ്യമായ പുസ്തകത്തില്‍ നിന്നും തനിക്ക് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് നല്‍കണം.  വായനയില്‍ ഈ സ്വാതന്ത്ര്യം പ്രധാനമാണ്.കുട്ടികള്‍ക്ക് തനിക്കുവേണ്ട പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള  പ്രാപ്തിയുണ്ട്.താന്‍ സ്വന്തമായി തെരഞ്ഞെടുത്ത പുസ്തകമായിരിക്കും കുട്ടി ഏറെ ഇഷ്ടത്തോടെ വായിക്കുക. 


 പുസ്തകം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് ലഭ്യമാകുന്നത് ക്ലാസുമുറിയില്‍ പുസ്തകം പ്രദര്‍ശിപ്പിക്കുമ്പോഴാണ്.കുട്ടികള്‍ക്ക്  എടുത്തുനോക്കാനും തിരികെവെക്കാനും പാകത്തിലായിരിക്കണം പുസ്തകങ്ങള്‍ സജ്ജീകരിക്കേണ്ടത്.അതിന് തടിയില്‍ കടഞ്ഞെടുത്ത തട്ടുകള്‍ വേണമെന്നില്ല.ക്ലാസുമുറിയുടെ ചുവരിനോട് ചേര്‍ത്തിട്ട കാലൊടിഞ്ഞ ഒരു ബെഞ്ച് ധാരാളം മതിയാകും.പുസ്തകം അവിടെ ആകര്‍ഷകമായി നിരത്തിവയ്ക്കണമെന്നുമാത്രം.നല്ല ചിത്രങ്ങളുള്ള പുസ്തകങ്ങള്‍ എടുക്കാനും നോക്കാനും വായിക്കാനുമൊക്കെ കിട്ടുന്ന ഒരു ക്ലാസുമുറിയായിരിക്കും കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുക.

 ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യമുണ്ട്.വായനയില്‍ വിവിധ നിലവാരക്കാരായ കുട്ടികള്‍ ഉണ്ടാകും.അവരെക്കൂടി പരിഗണിക്കണം.ലളിതമായ പുസ്തകങ്ങള്‍ കൂടി കൂട്ടത്തില്‍ വേണം.കൂടാതെ വിവിധ വിഭാഗത്തില്‍ പെടുന്ന പുസ്തകങ്ങള്‍ ഉണ്ടാകണം.കഥകള്‍ മാത്രം പോര.കവിതകളും നോവലുകളും വിജ്ഞാന സാഹിത്യവുമൊക്കെ കൂട്ടത്തില്‍ വേണം.കൂടാതെ 'തളിര്', 'യൂറീക്ക' തുടങ്ങിയ ആനുകാലികങ്ങളും ദിനപ്പത്രങ്ങളും ക്ലാസ് ലൈബ്രറിയിലുണ്ടാകണം. അധ്യാപകന്റെ ഇഷ്ടങ്ങളോ മുന്‍ധാരണകളോ പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കരുത്.വിജ്ഞാന സാഹിത്യം മാത്രം കുട്ടികള്‍ക്ക് തെരഞ്ഞെടുത്ത് കൊടുക്കാറുള്ള ഒരധ്യാപകനെ ഒരു വിദ്യാലയത്തില്‍ വെച്ച് പരിചയപ്പെടുകയുണ്ടായി.അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെയുള്ള പുസ്തകങ്ങള്‍ വായിച്ചാല്‍ മാത്രമേ കുട്ടികളുടെ അറിവ് വര്‍ദ്ധിക്കൂ എന്നാണ്.മറ്റു പുസ്തകങ്ങള്‍ വായിക്കുന്നത് സമയം പാഴാക്കലാണു പോലും!അധ്യാപകന്റെ മുന്‍ ധാരണകള്‍ കുട്ടികളുടെ വയനയെ എങ്ങനെ മുരടിപ്പിക്കും എന്നതിന് വേറെ ഉദാഹരണങ്ങള്‍ ആവശ്യമില്ല.

ക്ലാസിലെ കുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടിയോളം പുസ്തകങ്ങള്‍ ഓരോ ക്ലാസിലുമുണ്ടാകണം.എങ്കിലേ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കൂ.ക്ലാസുമുറിയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രഥമ പരിഗണന ക്ലാസില്‍  പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിലായിരിക്കണം.  

ഇനി ക്ലാസ് ലൈബ്രറിയുടെ ചുമതല  ആര്‍ക്കായിരിക്കണം?
ക്ലാസിലെ രണ്ടു കുട്ടികളെ ലൈബ്രറിയന്‍മാരായി തെരഞ്ഞെടുക്കണം.ഒരാള്‍ മുഖ്യ ലൈബ്രേറിയനായിരിക്കണം.മറ്റേയാള്‍ സഹലൈബ്രേറിയനും.ഇവരുടെ മേല്‍നോട്ടത്തിലായിരിക്കണം പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പുസ്തകം വിതരണം ചെയ്യുന്നതിനായി നിശ്ചയിക്കണം.ഇഷ്യു രെജിസ്റ്റര്‍ സൂക്ഷിക്കേണ്ട ചുമതല ഈ കുട്ടികള്‍ക്കായിരിക്കണം.ക്ലാസ് ലൈബ്രറിയിലെ പുസ്തകങ്ങള്‍ ഭംഗിയായി അടുക്കിവയ്ക്കേണ്ടതും വൃത്തിയായി സൂക്ഷിക്കേണ്ടതും ലൈബ്രേറിയന്‍മാരുടെ ചുമതലയാണ്.കൂടാതെ പുസ്തകങ്ങള്‍ക്ക്  കേടുപാടുകള്‍ സംഭവിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതും അതാതുസമയം ക്ലാസ് ടീച്ചറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതും ലൈബ്രേറിയന്‍മാരുടെ  ചുമതലയായിരിക്കണം.പുസ്തകങ്ങള്‍ വായിച്ചു തീരുന്ന മുറയ്ക്ക് പുതിയ പുസ്തകങ്ങള്‍ കൊണ്ടുവരേണ്ട കാര്യം ക്ലാസ് ടീച്ചറെ ഓര്‍മ്മിപ്പിക്കേണ്ടതും ഈ  ലൈബ്രേറിയന്‍മാരായിരിക്കണം.


കുട്ടികളെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കാന്‍ ക്ലാസ് ടീച്ചറുടെ ഇടപെടല്‍ എങ്ങനെയായിരിക്കണം?
ആഴ്ചയില്‍ ഒരു പിരീയഡെങ്കിലും കുട്ടികളുടെ വായന വിലയിരുത്താനും പ്രോത്സാഹിപ്പിക്കാനും നീക്കിവയ്ക്കണം.കഴിഞ്ഞ ആഴ്ച ആരൊക്കെ ഏതൊക്കെ പുസ്തകങ്ങള്‍ വായിച്ചു എന്നു പറയാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കിക്കൊണ്ടായിരിക്കണം ഇത്.കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് ക്ലാസില്‍ പറയാം.വായിച്ച പുസ്തകങ്ങളില്‍ ക്ലാസിലെ മുഴുവന്‍ കുട്ടികളും വയിക്കണമെന്ന് ആഗ്രഹിക്കുന്ന പുസ്തകങ്ങള്‍ ഏതൊക്കെയാണെന്നു ചോദിക്കാം.എന്തുകൊണ്ടാണ് എല്ലാവരും വായിക്കണമെന്നു പറയുന്നത്?കുട്ടികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവസരം നല്‍കാം.കൂടുതല്‍ കുട്ടികള്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച് പുസ്തക ചര്‍ച്ച സംഘടിപ്പിക്കാം.വായനാക്കുറിപ്പുകള്‍ എഴുതാന്‍ അവസരം നല്‍കാം.കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കണമെന്നു തോന്നുന്ന പുസ്തകങ്ങള്‍ ക്ലാസില്‍ പരിചയപ്പെടുത്താം. ക്ലാസിലെ മികച്ച വായനക്കാരെ ഓരോ മാസവും കണ്ടെത്തി സമ്മാനങ്ങള്‍ വിതരണം ചെയ്യാം.


വായനയില്‍ പ്രയാസമുള്ള കുട്ടികളെയോ?
ഇവര്‍ പുസ്തകവായനയില്‍ താത്പര്യം കാണിക്കണമെന്നില്ല.ഈ കുട്ടികളുടെ പ്രധാനപ്രശ്നം വായിച്ച് ആശയം ഗ്രഹിക്കാന്‍ കഴിയാത്തതായിരിക്കും.അവര്‍ക്ക് ലളിതമായ പുസ്തകങ്ങള്‍ നല്‍കണം.ഈ പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിക്കണം.ഓരോ ഭാഗവും വായിച്ചാല്‍ അതിലെ കഥ എന്താണെന്നു ചോദിക്കാം.വീണ്ടു വായിപ്പിക്കാം.കഥ പറയിക്കാം.ഇങ്ങനെ ഈ കുട്ടികളെ പതുക്കെ ആശയഗ്രഹണ വായനയിലേക്കു കൊണ്ടുവരാം.


കുട്ടികളുടെ വായന പരിപോഷിപ്പിക്കാന്‍ രക്ഷിതാക്കളുടെ പിന്തുണയും ഉറപ്പാക്കണം.വായന കുട്ടിയുടെ പഠനത്തെ എങ്ങനെയെല്ലാം സഹായിക്കും എന്നതിനെക്കുറിച്ച് ക്ലാസ് പി.ടി.എ യില്‍ ചര്‍ച്ച ചെയ്യണം.വായിക്കാന്‍ പ്രയാസമുള്ളവര്‍ക്ക്  എങ്ങനെയെല്ലാം പിന്തുണ നല്‍കണം എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ ധാരണ കൈവരിക്കണം. എങ്കില്‍ മാത്രമേ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളേയും മികച്ച വായനക്കാരാക്കുക എന്ന നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിയൂ.മികച്ച പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടുക എന്നത് കുട്ടികളുടെ അവകാശമാണ്.കുട്ടികളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ നല്ല പുസ്തകങ്ങള്‍ക്കു കഴിയും. 


 

Saturday 11 June 2016

A Rainy Day

Creative drawing in English class


It was raining outside. All the children in the class room were watching the rain through the window. The day before had been a hot day. So they were happy to see the rain.
“Hai, rain!” Sreehari exclaimed.
“Do you like  rain?” I asked him.
“Yes, sir.” He said happily.
“Why do you like rain?”
“Playing.”  He said.
I know, he wanted to say more. But he could not express it all in English.
I told the whole class.
“Children,look. Sreehari likes  to play in the rain.”


 Then,I repeated the question to the whole class.
“Do you like rain?”
“I like walking the rain.” Varsha said.
“Oh,Varsha likes walking in the rain.”I said loudly correcting the sentence.
“I like sleeping.” Malavika said.
“Malavika likes sleeping in the night, hearing the sound of the rain.”
“I like to walk in the rain taking an umbrella.” Gopika said.
“Gopika  likes to walk in the rain holding  an umbrella.”
“I like to sit in the sit-out and look at the rain.”  Dhanith said.
“I want jumping.”
“I like running.”
“I like playing cricket.”


 “OK. That's enough.” I said. Then, I wrote on the black board- 'A Rainy Day.'
“Children,this is the caption.” I told them  pointing to the  black board. “Can you draw a picture?”
OK. We are ready,sir.” All of them said.
“Don't use pencil and rubber. You draw with sketch pen and colour it using crayons.”

I gave them paper,sketch pen and crayons and asked them to fold the paper  to leave a little space for writing .



The children started drawing. I played some soft music in my mobile phone. They were very happy to hear the music. Some of them sat on the floor. They were interacting with each other and exchanging ideas. Drawing allows more chances to interact and co-operate with each other. They exchanged different coloured sketch pens and crayons. I asked them to speak in English as much as possible. They tried. But I know,it would take time.


I was walking around the class and watching how they draw. It made me so happy. The children were drawing well.
“Safeeda,it's good. What's this girl doing?” I asked.
“She is dancing, sir.”
“This girl is dancing in the rain... very good.”
“What is this?” Pointing to Faya's picture I asked.
“It's a river. Full water. So many fishes. A boy  catch fish.” Fayas described his picture.
“Good. A nice drawing! It's a river. Full of water. A boy is  catching  fish.”


In this manner, I asked each and every child about their picture and made comments. This was to give the necessary language input for writing a description later on.  

 They took 30 minutes to finish their drawing.
The next task was to talk about their picture. They stood up and showed the pictures to  everybody in the class and started to talk about what they had drawn.
This time most of the children could talk in full sentences.
My interaction and comments during the drawing turned out to be a good support for them.

Vishnu talked about his picture like this:


“There is raining. There was so many clouds. Some birds are flying in the rain. There is a stream. The stream is flowing. There is so many trees and houses. A green bird is sitting in a stone. Some man collecting rain water. A girl will running in the rain. A boy holding the umbrella. A bird is going near the nest. There is so many grass. There was lightning. The trees are dancing in the wind. The trees are happy. The village is happy.” 

 There may be mistakes. But they could express their ideas in English. That was a step forward which filled their minds with confidence.

The next task was writing a description. All of them started writing with much enthusiasm.  Writing  the  description was much easier compared to talking about the picture. They finished their writing within  ten minutes.


 Swetha's description was like this:

'The small rain drops falling down. So many hills and clouds in the picture. The sky is black. Two trees,two flowers,some rock,some grass in the picture. The small tree dancing in the wind. The flower enjoying the rain. The children playing in the rain. The small stream flowing speedily. There is a small hut. Many fishes swimming in the water. A nest and two baby birds in the big tree. A mother hen and the baby hens walking in the rain. A boy holding the umbrella and the girl playing in the rain. This is a raining day's picture and this is a beautiful picture.'


 Most of the children wrote very well. There may be grammatical  or spelling mistakes. But they were on the right track. This activity made them more confident in expressing themselves in English. Here, the picture they had drawn worked as a strong stimulant in creating  language.

The children exchanged their pictures and descriptions in pairs and  groups. After reading the description they gave feed backs to each other. They made  some corrections in their writings on the basis of these feed backs. Finally,a few children read aloud their descriptions in the class. I exhibited all the pictures and descriptions on the display board.


 

Sunday 5 June 2016

പുതിയ അധ്യയന വര്‍ഷത്തിലേക്ക്- 'ഒരുക്കം'


'ഒരുക്കം' പരിപാടിയുമായി ബന്ധപ്പെട്ട് മെയ് 31ന് ഞങ്ങള്‍ വിദ്യാലയത്തില്‍ ഒത്തുചേരുകയുണ്ടായി-പിടിഎ,എസ്.എം.സി അംഗങ്ങളും സ്റ്റാഫും.വ്യക്തമായ ഒരു അജണ്ടയുടെ പുറത്തായിരുന്നു ഞങ്ങളുടെ യോഗം.ഈ വര്‍ഷത്തെ വിദ്യാലയം എങ്ങനെയായിരിക്കണം? അതിനുള്ള ഒരുക്കങ്ങള്‍ എന്തൊക്കെയായിരിക്കണം?ആദ്യത്തെ മൂന്നുമാസത്തെ പ്രവര്‍ത്തന കലണ്ടറില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തണം? ഈ വര്‍ഷം വിദ്യാലയം ഏറ്റെടുക്കുന്ന,അധ്യാപക  സംഗമത്തില്‍ അവതരിപ്പിച്ച  തനതുപരിപാടിക്ക് എങ്ങനെ കൂടുതല്‍ വ്യക്തതയും സൂക്ഷ്മതയും വരുത്താം?

 തൊട്ടടുത്തദിവസം നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു രാവിലെ 10 മണിക്ക് ഞങ്ങള്‍ യോഗം ആരംഭിച്ചത്.ബേക്കല്‍ ഉപജില്ലാതലത്തിലുള്ള പ്രവേശനോത്സവമാണ് ഞങ്ങളുടെ വിദ്യാലയത്തില്‍ നടക്കുന്നത്.ഒരോ ടീമിനേയും ഏല്‍പ്പിച്ച ചുമതലകളിലുള്ള പ്രവര്‍ത്തന പുരോഗതി അതാതു ടീം അംഗങ്ങള്‍ അവതരിപ്പിച്ചു.ഡക്കറേഷന്‍,കുട്ടികളെ സ്വീകരിച്ചാനയിക്കല്‍,പ്രവേശനോത്സവഗാനത്തിന്റെ അവതരണം,നവാഗതരെ പാട്ടുകള്‍ പാടി രസിപ്പിക്കല്‍,പഠനോപകരണങ്ങള്‍ വിതരണം ചെയ്യല്‍,പായസ വിതരണം...

തുടര്‍ന്ന് അംഗങ്ങള്‍ അഞ്ച് ഗ്രൂപ്പുകളായി.അധ്യാപികമാരും പി.ടി.എ.അംഗങ്ങളും ഉള്‍പ്പെട്ടതായിരുന്നു ഓരോ ഗ്രൂപ്പും.നാലു ഗ്രൂപ്പുകള്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍വരെയുള്ള മാസങ്ങളിലെ കലണ്ടര്‍ നിര്‍മ്മാണം ഏറ്റെടുത്തു.ഒരു ഗ്രൂപ്പ് സ്ക്കൂള്‍ തനതു പ്രവര്‍ത്തനത്തിന്റെ ആസൂത്രണവും.ഏതാണ്ട് ഒരു മണിക്കൂര്‍ സമയം കൊണ്ട് ഓരോ ഗ്രൂപ്പിന്റെയും അവതരണം നടന്നു.
സ്ക്കൂള്‍ കലണ്ടര്‍ തയ്യാറാക്കുമ്പോള്‍ ഓരോ ഗ്രൂപ്പും പരിഗണിച്ച കാര്യങ്ങള്‍ ഇവയൊക്കെയായിരുന്നു.


  •  പ്രധാനപ്പെട്ട ദിനാഘോഷങ്ങള്‍
  • ദിനാഘോഷവുമായി ബന്ധപ്പെട്ട് നടക്കേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍-പൊതുവായും ക്ലാസുതലത്തിലും
  • യൂണിറ്റ് വിലയിരുത്തല്‍
  • ക്ലാസ് പിടിഎ,പി.ടി. എ എക്സിക്യുട്ടീവ് യോഗം എന്നിവയുടെ തീയ്യതികളും അജണ്ടകളും
  • ഓരോ ആഴ്ചയിലേയും ബേസിക്ക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം

വായനയുടെ പൂക്കാലം

ഈ അക്കാദമികവര്‍ഷം അവസാനമാകുമ്പോഴേക്കും സ്ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും മികച്ച വായനക്കാരാക്കുക(ആശയഗ്രഹണത്തോടെയുള്ള വായന) എന്ന ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ് ഞങ്ങളുടെ ഈ വര്‍ഷത്തെ തനതുപ്രവര്‍ത്തനം.

 'വായനയുടെ പൂക്കാലം' എന്നു പേരിട്ടിരിക്കുന്ന ഈ പ്രവര്‍ത്തനത്തിന്റെ സൂക്ഷ്മതല ആസൂത്രണമായിരുന്നു അഞ്ചാം ഗ്രൂപ്പ് ചെയ്തത്.ഓരോ മാസത്തിലും നിശ്ചിത തീയ്യതിക്കകം പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ കൃത്യമായ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അവരുടെ ആസൂത്രണം.

  • ജൂണ്‍ രണ്ടാം തീയ്യതി വായനയില്‍ കുട്ടികളുടെ നിലവാരം തിരിച്ചറിയാനുള്ള പ്രീ-ടെസ്റ്റ്
  • ജൂണ്‍ ആറാം തീയ്യതി ഞാറാഴ്ച പുസ്തകക്ലിനിക്ക്-അമ്മമാര്‍,കുട്ടികള്‍,അധ്യാപകര്‍ എന്നിവരടങ്ങുന്ന സംഘം പുസ്തകം ബൈന്റുചെയ്യും.
  • പുതിയ പുസ്തകങ്ങള്‍ വാങ്ങല്‍,ശേഖരിക്കല്‍

  • വായനാവാരവുമായി ബന്ധപ്പെട്ട് ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം 
  • ക്ലാസ്  ലൈബ്രറിയന്‍മാരെ തെരഞ്ഞെടുക്കലും പുസ്തകവിതരണം ആരംഭിക്കലും
  • അതേ ആഴ്ചതന്നെ ഓരോ ക്ലാസിലും നൂറ് പുസ്തകങ്ങളെങ്കിലും displayചെയ്യാനുള്ള സൗകര്യമൊരുക്കല്‍
  • എല്ലാ ആഴ്ചയിലും ഒരു ദിവസം വായനാക്കൂട്ടം-കുട്ടികള്‍ അവര്‍ വായിച്ച പുസ്തകം അവതരിപ്പിക്കുന്നു,ടീച്ചര്‍ ഒരു പുസ്തകം പരിചയപ്പെടുത്തുന്നു.
  • കുട്ടികളുടെ വായനാ പുരോഗതി ക്ലാസിലെ ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കുന്നു
  • ക്ലാസ് ലൈബ്രറിയുടെ പ്രവര്‍ത്തനം അധ്യാപകര്‍ പരസ്പരം വിലയിരുത്തല്‍
  • മാസംതോറും ക്ലാസ് പിടിഎ യില്‍ കുട്ടികളുടെ വായനാ പുരോഗതി വിലയിരുത്തല്‍
  • കുട്ടികളിലൂടെ അമ്മമാരിലേക്ക് പുസ്തകം എത്തിക്കുകയും അമ്മവായന പ്രത്സാഹിപ്പിക്കലും
  • അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ ക്ലാസുകളില്‍ വായനയില്‍ പ്രയാസമുള്ളവരെ സഹായിക്കുംവിധമുള്ള വായനാക്കാര്‍ഡുകളുടെ നിര്‍മ്മാണം
  • ഓരോ ടേമിലും കുട്ടികളേയും രക്ഷിതാക്കളേയും നാട്ടുകാരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പുസ്തകച്ചര്‍ച്ച.
  • കുട്ടികളുടെ വായനാക്കുറിപ്പുകളുടെ സമാഹാരം പുറത്തിറക്കല്‍

ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ വിവിധ ക്ലബ്ബുകള്‍,ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള  മൂന്നു മാസക്കാലം ക്ലബ്ബുകള്‍ ഏറ്റെടുക്കേണ്ടുന്ന പ്രധാന ചുമതലകള്‍ എന്നിവ നേരത്തെ തയ്യാറാക്കിയ കലണ്ടറിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇങ്ങനെ ക്രോഡീകരിച്ചു.


 ക്ലബ്ബുകളും ചുമതലകളും
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്-സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍,പാര്‍ലമെന്റ് സമ്മേളനം, ലോക ജനസംഖ്യാദിനം,ഹിരോഷിമാ ദിനം,സ്വാതന്ത്ര്യദിനം
  • പരിസ്ഥിതി(സയന്‍സ്) ക്ലബ്ബ്-ലോക പരിസ്ഥിതി ദിനം,ചാന്ദ്ര ദിനം,മഴക്കാല രോഗങ്ങള്‍ -പ്രൊജക്ട്,കര്‍ഷക ദിനം
  • ഹെല്‍ത്ത് ക്ലബ്ബ്-മഴക്കാല ശുചീകരണം,മഴക്കാല രോഗങ്ങള്‍ക്കെതിരെ-ബോധവല്‍ക്കരണം,ഇലക്കറി മേള
  • വിദ്യാരംഗം കലാസാഹിത്യ വേദി- വായനാവാരം,ബഷീര്‍ദിനം,വായനാക്കൂട്ടം,രചനാ ശില്പശാല
  • ഇംഗ്ലീഷ് ക്ലബ്ബ്-ഇംഗ്ലീഷ് അസംബ്ലി,ഇംഗ്ലീഷ് പത്രം,ഇംഗ്ലീഷ് ഫെസ്റ്റ്


സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വവും ദിശാബോധവും നല്‍കുന്ന പ്രധാന ജനാധിപത്യ സംവിധാനമായ എസ്.ആര്‍.ജി ഫലപ്രദമാക്കനുള്ള വഴികളെക്കുറിച്ചായിരുന്നു പിന്നീട്  ചര്‍ച്ചചെയ്തത്.
എസ്.ആര്‍.ജി ഫലപ്രദമാക്കാന്‍ 


  • എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ശേഷം 3.20 മുതല്‍ 4.30വരെ യായിരിക്കുംഎസ്.ആര്‍.ജി യോഗം
  • ഓരോ ആഴ്ചയിലേയും പ്രവര്‍ത്തനങ്ങള്‍ എസ്.ആര്‍.ജി യില്‍ വിലയിരുത്തുകയും നേട്ടങ്ങളും പ്രശ്നങ്ങളും ചര്‍ച്ചചെയ്യുകയും ചെയ്യും.

  •  എസ്.ആര്‍.ജി യോഗത്തിന്റെ  അജണ്ട മുന്‍കൂട്ടി മെമ്മോ ആയി നല്‍കും.
  • മാസത്തില്‍ രണ്ടുയോഗങ്ങള്‍ LP,UPപൊതുവായും രണ്ടുയോഗങ്ങള്‍ വെവ്വേറെയുമായി നടത്തും
  • അധ്യാപകരുടെ കൂട്ടായ്മയില്‍ ഊന്നിയുള്ള പ്ലാനിങ്ങും യൂണിറ്റ് വിലയിരുത്തലും നടത്തും
  • മാസത്തില്‍ ഒരു എസ്.ആര്‍.ജിയില്‍ ടീച്ചിങ്ങ് മാന്വല്‍ sharingഉം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചയും നടക്കും
  • ഓരോ മാസത്തിലും ക്ലാസില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയാകും എസ്.ആര്‍.ജി

  •  എസ്.ആര്‍.ജി ലീഡുചെയ്യാനുള്ള ചുമതല ഓരോരുത്തര്‍ക്കായി വീതിച്ചു നല്കും.

പിടിഎ,എസ്.എം.സി.അംഗങ്ങളുമായി കൂട്ട് ചേര്‍ന്നുള്ള  ഞങ്ങളുടെ ഒരുക്കം പരിപാടി അധ്യാപകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു.മൂന്നു മാസക്കാലയളവില്‍ വിദ്യാലയത്തില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടക്കും എന്നതിനെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ശരിയായ കാഴ്ചപ്പാടുണ്ടാകാന്‍ ഈ കൂടിച്ചേരല്‍ സഹായകമായി.ഒപ്പം ഈ വര്‍ഷം സ്ക്കൂള്‍ ഏറ്റെടുക്കുന്ന  പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കാനും 'ഒരുക്ക'ത്തിനു കഴിഞ്ഞു.