ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Saturday 29 October 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍- നവംബര്‍ മാസം

2016
നവംബര്‍





നവംബര്‍ 1 ചൊവ്വ
 കേരളപ്പിറവി ദിനം

  • കേരളപ്പിറവി ദിനം-സന്ദേശം-അസംബ്ലി
  • കേരളിയം-കേരളീയ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പരിപാടി(അവതരണം-സാമൂഹ്യശാസ്ത്ര ക്ലബ്ബ്)

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കേരളം ജില്ലകളിലൂടെ/കേരളിയ കലകള്‍-പതിപ്പ്(ഈ ആഴ്ച)

നവംബര്‍ 4 വെള്ളി

 കേരളപ്പിറവി ദിനം-തുടര്‍ച്ച

  •  കേരളം-റിലീഫ് മാപ്പ് നിര്‍മ്മാണം-മത്സരം -ക്ലാസുതലം

SRG യോഗം

  • യൂണിറ്റ് വിലയിരുത്തല്‍-ആസൂത്രണം
  • കുട്ടികളുടെ ഗൃഹസന്ദര്‍ശനം- അവലോകനം
 നവംബര്‍ 7
തിങ്കള്‍
സി.വി.രാമന്‍ ദിനം

  • അസംബ്ലി-സി.വി.രാമന്‍ അനുസ്മരണം(സയന്‍സ് ക്ലബ്ബ്)

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കേരളം ജില്ലകളിലൂടെ/കേരളിയ കലകള്‍-പതിപ്പ് -വിലയിരുത്തല്‍
  • പ്രകാശവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍-ആസൂത്രണം(ഈ ആഴ്ച)


നവംബര്‍ 11 വെള്ളി

യൂണിറ്റ് വിലയിരുത്തല്‍-ആരംഭം
 

SRG യോഗം
  • കഴിഞ്ഞ ആഴ്ചത്തെ പ്രവര്‍ത്തനങ്ങള്‍-റിവ്യു
  • ശിശുദിനം -ആസൂത്രണം

 നവംബര്‍ 14 തിങ്കള്‍
  • ശിശുദിനം
  • അസംബ്ലി-ജവഹര്‍ലാല്‍ നെഹ്രു അനുസ്മരണം
  • Stop child labour- കൂട്ട ചിത്രംവര-ക്ലാസ് തലം

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • പ്രകാശവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍-അവതരണവും വിലയിരുത്തലും
  • പത്രനിര്‍മ്മാണം-നാലു ഗ്രൂപ്പ്,  നാല് പത്രങ്ങള്‍ (ഈ ആഴ്ച)

 നവംബര്‍ 18
വെള്ളി



SRG യോഗം
  • യൂണിറ്റ് വിലയിരുത്തല്‍-അവലോകനം
  • പഠനപിന്നോക്കാവസ്ഥ-കുട്ടികള്‍ക്ക് വേണ്ട സഹായങ്ങള്‍

നവംബര്‍ 21തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • നാലു ഗ്രൂപ്പ്,  നാല് പത്രങ്ങള്‍-വിലയിരുത്തല്‍
  • Story Theatre-English-Planning and rehearsal(one week)


നവംബര്‍ 25 വെള്ളി
SRG യോഗം

  • ക്ലസ് പിടിഎ-ആസൂത്രണം

നവംബര്‍ 28 തിങ്കള്‍

  • ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • Story Theatre-English-Presentation and Assessment‌
  • കടങ്കഥാമത്സരം-ഗ്രൂപ്പ് (ഈ ആഴ്ച -ശേഖരണവും തയ്യാറെടുപ്പും)

നവംബര്‍ 30 ബുധന്‍
ക്ലാസ് പിടിഎ

  • യൂണിറ്റ് വിലയിരുത്തല്‍-കുട്ടികളുടെ പഠനനിലവാരം പങ്കുവയ്ക്കല്‍
  • പോര്‍ട്ട് ഫോളിയോ sharing,കുട്ടികളുടെ അവതരണങ്ങള്‍
  • കുട്ടിയെക്കുറിച്ച്  അമ്മയും അമ്മയെക്കുറിച്ച് കുട്ടിയും
  • ഡിസംബര്‍ മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
  • മറ്റു കാര്യങ്ങള്‍


Sunday 23 October 2016

പ്രസംഗം വരുന്ന വഴി


ക്ലാസിലെ ഒരു പ്രസംഗവേദിയാണ് ഈ ഫോട്ടോ.വിഷയം: ഓണം-അന്നും ഇന്നും.

 സാധാരണയായി ഈ ക്ലാസില്‍ നിന്നും ഒരു കുട്ടിമാത്രമാണ് പ്രസംഗത്തിനായി മുന്നോട്ടു വരിക.എന്നാല്‍ ഇപ്പോള്‍ ക്ലാസിലെ ഏതാണ്ട് മുഴുവന്‍ കുട്ടികള്‍ക്കും പ്രസംഗിക്കണം.സമയ പരിമിതി കാരണം ആദ്യഘട്ടത്തില്‍ കുറച്ചു കുട്ടികള്‍ക്കാണ് അവസരം.അടുത്ത ക്ലാസില്‍ മറ്റുള്ളവര്‍ക്കും പ്രസംഗിക്കാം.

പ്രസംഗം എന്ന ആവിഷ്ക്കാരം  ഭാഷയെ സര്‍ഗ്ഗാത്മകമായി ഉപയോഗിക്കുന്നതിന്റ ഉയര്‍ന്ന തലമാണ്.വേദിയില്‍ കയറി ഗംഭീരമായി ഒന്നു പ്രസംഗിക്കണം എന്നൊക്കെ ആഗ്രഹിക്കാത്ത കുട്ടികളുണ്ടാവില്ല.പക്ഷേ, കുട്ടികള്‍ക്ക് പ്രസംഗത്തെ പേടിയാണ്.എന്തായിരിക്കും ഇതിനു കാരണം?
ഒന്ന് : സഭാകമ്പം
രണ്ട് : ആശയപരമായ ദാരിദ്ര്യം
മൂന്ന്  :  ഒഴുക്കോടെ സംസാരിക്കാനുള്ള പ്രയാസം


ആദ്യം പറഞ്ഞ രണ്ടു മേഖലകളിലാണ് കുട്ടികള്‍ക്ക് കൂടുതല്‍  പ്രയാസം.ഇത് തരണം ചെയ്യുന്ന കുട്ടികള്‍ക്ക് മൂന്നാമത്തേത് ഒരു പ്രശ്നമായിരിക്കില്ല.ഈ മേഖലയില്‍ പ്രയാസം അനുഭവിക്കുന്ന ചുരുക്കം ചില കുട്ടികളെ ഒഴിച്ചു നിര്‍ത്തിയാല്‍.

  വിഷയത്തെക്കുറിച്ച് ആശയപരമായ ധാരണ രൂപീകരിക്കുക എന്നതാണ് പ്രസംഗത്തില്‍ പ്രധാനം.കുട്ടിയുടെ മനസ്സില്‍ നിറഞ്ഞു കവിയുന്ന ആശയമാണ് പ്രസംഗിക്കാനുള്ള അവളുടെ ആത്മവിശ്വാസം.ഇങ്ങനെ ആത്മവിശ്വാസം നേടുന്ന കുട്ടിക്ക് സഭാകമ്പം ഒരു പ്രശ്നമാകാനിടയില്ല.വളരെ എളുപ്പത്തില്‍ അവള്‍ക്കതിനെ മറികടക്കാന്‍ കഴിഞ്ഞേക്കും.

 പ്രസംഗം എന്ന വ്യവഹാരരൂപത്തെ ക്ലാസുമുറിയില്‍ എങ്ങനെയാണ് പരിഗണിക്കേണ്ടത്?

പ്രസംഗിക്കാനുള്ള വിഷയത്തെക്കുറിച്ചുള്ള ആശയപരമായ ധാരണ കുട്ടികളില്‍ രൂപീകരിക്കുകയാണ് ആദ്യം വേണ്ടത്.ധാരണ രൂപീക്കരിച്ചാല്‍  മാത്രം പോര.അത് കുട്ടിയുടെ മനോഘടനയുടെ ഭാഗമാക്കുകയും വേണം.അപ്പോഴാണ് വിഷയത്തെക്കുറിച്ച് കുട്ടികള്‍ ആഴത്തില്‍ ആലോചിക്കുക.വിവിധ കോണുകളിലൂടെ കുട്ടികള്‍ അതിനെ   നോക്കിക്കാണുക.അത് വിഷയത്തെക്കുറിച്ചുള്ള സ്വന്തം അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും രൂപീകരിക്കപ്പെടുന്നതിലേക്ക് കുട്ടികളെ നയിക്കും.ഇതാണ് പ്രസംഗത്തിനുള്ള കുട്ടിയുടെ ആശയപരമായ തയ്യാറെടുപ്പ്.

 ഇനി ആദ്യം സൂചിപ്പിച്ച ഫോട്ടോയിലേക്ക് തന്നെ വരാം.ഓണം-അന്നും ഇന്നും എന്ന തകഴി ശിവശങ്കര പിള്ളയുടെ പാഠം പഠിക്കുന്ന സന്ദര്‍ഭത്തിലാണ്  ഈ വിഷയത്തെക്കുറിച്ച് കുട്ടികളോട് പ്രസംഗം എഴുതി തയ്യാറാക്കാന്‍ പാഠപുസ്തകം ആവശ്യപ്പെടുന്നത്.

 തന്റെ കുട്ടിക്കാലത്തെ  ഓണാഘോഷത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണ് തകഴിയുടെ ഓണം-അന്നും ഇന്നും.ഈ പാഠത്തിന്റെ ദ്യശ്യാവിഷ്ക്കാരം കുട്ടികള്‍ സംഘംചേര്‍ന്ന് ഒരു വിധം നന്നായി ചെയ്യുകയുണ്ടായി. (ഇതിന്റ വിശദാംശങ്ങള്‍ കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്-തകഴിയുടെ ഓണവും ക്ലാസിലെ പിള്ളേരുകളിയും.)

പാഠത്തിന്റെ ദൃശ്യാവിഷ്ക്കാരം പ്രസംഗത്തിനുള്ള ഒരു തയ്യാറെടുപ്പ് കൂടിയായിരുന്നു.എങ്ങനെ?

  • ദ്യശ്യാവിഷ്ക്കാരം കുട്ടികളെ പാഠഭാഗം ആഴത്തില്‍ മനസ്സിലാക്കുന്നതിലേക്ക് നയിച്ചു.ഓരോന്നിന്റേയും വിശദാംശങ്ങള്‍ വിവിധ വീക്ഷണകോണിലൂടെ അവര്‍ പരിശോധിച്ചു.
  • ദ്യശ്യാവിഷ്ക്കാരത്തിലൂടെ പാഠഭാഗത്തെ കുട്ടികള്‍ തങ്ങളുടെ വൈകാരിക അനുഭവമാക്കി മാറ്റി.
  • ദ്യശ്യാവിഷ്ക്കാരം ഒരു വെല്ലുവിളിയായി കുട്ടികള്‍ ഏറ്റെടുത്തതോടെ ഗ്രൂപ്പ് അംഗങ്ങള്‍ക്കിടയിലെ വര്‍ദ്ധിച്ച ആശയവിനിമയം വിഷയത്തെക്കുറിച്ച് വേണ്ടത്ര ധാരണ രൂപീകരിക്കാനുള്ള അവസരം കുട്ടികള്‍ക്കു നല്‍കി.

പ്രസംഗം തയ്യാറാക്കുന്നതിന്റെ മുന്നോടിയായി പാഠഭാഗത്ത് നല്‍കിയ രണ്ടു കവിതാഖണ്ഡങ്ങളിലെ ആശയം താരതമ്യം ചെയ്യാന്‍ പറയുന്നുണ്ട്.എന്‍.വി.യുടെ 'ഓണം 1987' എന്ന കവിതയും നെടുമുടി ഹരികുമാറിന്റെ 'ഫ്ളാറ്റിലെ ഓണവും'.രണ്ടു കവിതകളുടേയും വിശകലനം കുട്ടികളുടെ ആശയതലം ഒന്നുകൂടി ഉയര്‍ത്തി.

 പാഠപുസ്തകം പ്രസംഗം എഴുതിത്തയ്യാറാക്കാനാണ് പറയുന്നത്.
ശരിക്കും അങ്ങനെയാണോ വേണ്ടത്?


പ്രസംഗം എന്നത് ഒരു അവതരണ കലയാണ്.സാധാരണയായി പ്രസംഗം   എഴുതിത്തയ്യാറാക്കുന്നത് വേദിയില്‍ പ്രസംഗിക്കാനാണ്. പ്രസംഗം എന്ന  അവതരണത്തിനുള്ള ഒരു തയ്യാറെടുപ്പാണത്.പ്രസംഗാവതരണവുമായി ബന്ധിപ്പിച്ചുമാത്രമേ തയ്യാറെടുപ്പിനെ കാണാനാവൂ.


പ്രസംഗത്തിന്റ ഭാഷ കുട്ടികള്‍ സ്വായത്തമാക്കുന്നത് എപ്പോഴാണ്?

സ്വയം പ്രസംഗിക്കാനുള്ള അവസരം ലഭിക്കുന്നതിലൂടെയാണ് കുട്ടികള്‍ പ്രസംഗഭാഷ സ്വായത്തമാക്കുന്നത്.ഒപ്പം മറ്റുള്ളവരുടെ നല്ല പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കുട്ടികള്‍ക്ക് അവസരമുണ്ടാകണം..


ക്ലാസില്‍ കുട്ടികള്‍ക്ക് പ്രസംഗിക്കാനുള്ള അവസരം കൊടുക്കുകയാണ് ഞാന്‍ അടുത്ത ഘട്ടത്തില്‍ ചെയ്തത്.ഇതിനായി 'ഓണം-അന്നും ഇന്നും' എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിക്കാന്‍ ആവശ്യമായ ആശയങ്ങളുടെ സൂചനകള്‍ മാത്രം കുറിച്ചിടാന്‍ പറഞ്ഞു.

കുട്ടികള്‍ കുറച്ച് സമയം ആലോചിച്ചിരുന്നു.പിന്നീട് നോട്ടുപുസ്തകത്തില്‍ കുറിച്ചിടാന്‍ തുടങ്ങി.
അഖിലേഷ് കുറിച്ചിട്ട സൂചനകള്‍ ഇവയായിരുന്നു.


 -ഓണം എന്നത് മലയാളികളുടെ പ്രധാനപ്പെട്ട ആഘോഷമാണ്
ഇന്നു കാണുന്ന രീതിയിലല്ല പണ്ടത്തെ ഓണം-നാടന്‍
പൂക്കള്‍,പൂവിറുക്കല്‍,സ്വന്തം പറമ്പില്‍ വിളയിച്ചെടുക്കുന്ന കാര്‍ഷിക വിളകള്‍,പൂക്കളമൊരുക്കല്‍ ഓണസദ്യ,ഓണക്കളികള്‍


-ഇന്നത്തെ ഓണം വ്യത്യസ്തമാണ്-എല്ലാം മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കുന്നു,ഓണം കച്ചവടച്ചരക്കായി മാറിയിരിക്കുന്നു,പഴയ ആഘോഷങ്ങള്‍ ഇന്നില്ല.എങ്കിലും നാം എല്ലാവരും ഓണം ആഘോഷിക്കുന്നു.


ഇനി ഈ സൂചനകള്‍ വികസിപ്പിച്ച് പ്രസംഗിക്കണം.ആലോചനയ്ക്കായി വീണ്ടും അഞ്ചുമിനുട്ട് സമയം നല്‍കി.
"മാഷെ,പ്രസംഗിക്കുന്നതിനിടയില്‍ ഈ സൂചനകള്‍ നോക്കാന്‍ പാടുണ്ടോ?”
അവിനാശ് ചോദിച്ചു.
"ആവശ്യമെങ്കില്‍ തീര്‍ച്ചയായും നോക്കാം."ഞാന്‍ പറഞ്ഞു.


ക്ലാസിലെ ആറു കുട്ടികള്‍ ഒഴികെ ബാക്കിയെല്ലാവരും പ്രസംഗിക്കാനായി മുന്നോട്ടു വന്നു.
"എന്തുപറ്റി ?"ഞാനവരോട് ചോദിച്ചു.
"പേടി..."ഒരു കുട്ടി പറഞ്ഞു.
ആശയങ്ങളെ മനസ്സില്‍ ക്രമപ്പെടുത്തി പറയാന്‍ കഴിയാത്തതാണ്  അവരുടെ പ്രശ്നം.
"സാരമില്ല."ഞാന്‍ അവരെ സമാധാനിപ്പിച്ചു."അടുത്ത ക്ലാസിലേക്ക് തയ്യാറായിക്കൊള്ളു.”


പ്രസംഗം ആരംഭിക്കുന്നതിനു മുന്നോടിയായി കുറച്ചു കുട്ടികളെ മാത്രം വേദിയലേക്ക് ക്ഷണിച്ചു.സമയക്കുറവായിരുന്നു കാരണം.ബാക്കിയുള്ളവര്‍ക്ക് അടുത്തക്ലാസില്‍ അവസരം.
പ്രസംഗിക്കാനില്ലെന്നു പറഞ്ഞ അതുലായിരുന്നു സ്വാഗതം പറഞ്ഞത്.


കുട്ടികള്‍ ഓരോരുത്തരായി പ്രസംഗം തുടങ്ങി.ഒരു പ്രാസംഗികന്റെ മട്ടിലും ഭാവത്തിലുമാണ് ഓരോരുത്തരുടേയും സംസാരം.ചിലര്‍ ഇടയക്ക് പുസ്തകം തുറന്ന് കുറിച്ചിട്ട സൂചനകള്‍ നോക്കുന്നു.മറ്റു ചിലര്‍ പുസ്തകം തുറയ്ക്കാതെ ഒഴുക്കോടെ സംസാരിക്കുന്നു.
ഓരോ പ്രസംഗത്തേയും മറ്റുള്ളവര്‍  കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.


പ്രസംഗത്തിനു ശേഷമായിരുന്നു കുട്ടികള്‍ പ്രസംഗം എഴുതാനിരുന്നത്.ഓരോരുത്തരും തങ്ങളുടെ പ്രസംഗത്തെ ഒന്നുകൂടി മെച്ചപ്പെടുത്തിയാണ് എഴുതേണ്ടത് എന്നതായിരുന്നു എന്റെ നിര്‍ദ്ദേശം.

ഇപ്പോള്‍ ആശയദാരിദ്ര്യം കുട്ടികളെ അലട്ടുന്നില്ല.ഓരോരുത്തരും മൂന്നും നാലും പേജൊക്കെയാണ് എഴുതിയിരിക്കുന്നത്.
ഇതില്‍ നിന്നും ഒരു കാര്യം എനിക്ക് ബോധ്യപ്പെട്ടു.ആദ്യം കുട്ടികള്‍ ക്ലാസില്‍ പ്രസംഗിക്കണം.പിന്നീട് അത് എഴുതിയാല്‍ മതി.അപ്പോഴാണ് കുട്ടികളുടെ പ്രസംഗവും എഴുത്തും ജീവസ്സുറ്റതാകുക.അതോടെ കുട്ടികള്‍ പ്രസംഗത്തെ ഇഷ്ടപ്പെടും.അവര്‍ നല്ല കേള്‍വിക്കാരും പ്രാസംഗികരുമാകും.

സ്ക്കൂള്‍ കലോത്സവത്തിനിടയില്‍ അശ്വിനിയും സ്വാതിയും അര്‍ജുനും എന്നെ വന്നു കണ്ടു.
"മാഷേ,പ്രസംഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ഞങ്ങളുടെ ക്ലാസിന്."കുട്ടികള്‍ സന്തോഷത്തോടെ പറഞ്ഞു.
ആ ക്ലാസില്‍ അശ്വിനിമാത്രമാണ് നേരത്തെ പ്രസംഗത്തിന് മുന്നോട്ടുവരാറുണ്ടായിരുന്ന ഓരേയൊരു കുട്ടി.ബാക്കി രണ്ടുപേരും ആദ്യമായി പ്രസംഗമത്സരത്തില്‍ പങ്കെടുത്തവരും.


Wednesday 12 October 2016

തകഴിയുടെ ഓണവും ക്ലാസിലെ പിള്ളേരുകളിയും


ആറാം ക്ലാസ് അടിസ്ഥാന പഠാവലിയിലെ തകഴി ശിവശങ്കരപ്പിള്ളയുടെ 'ഓണം-അന്നും ഇന്നും' എന്ന പാഠം പഠിക്കുകയായിരുന്നു കുട്ടികള്‍.തകഴിയുടെ ഓണാനുഭവങ്ങളേയും  സ്വാനുഭവങ്ങളേയും കോര്‍ത്തിണക്കിക്കൊണ്ട്  ദൃശ്യാവിഷ്ക്കാരം നടത്താനുള്ള പുറപ്പടിലാണ് അവര്‍.

നിമിഷനേരം കൊണ്ട്  ക്ലാസുമുറിയെ തങ്ങള്‍ക്ക് നാടകം കളിക്കാനുള്ള ഒരിടമാക്കി കുട്ടികള്‍ മാറ്റിത്തീര്‍ത്തു.

ക്ലാസിലെ മുപ്പത്തിരണ്ട് കുട്ടികള്‍ക്ക് ഒരുമിച്ച് നാടകം കളിക്കണമെങ്കില്‍ പരമാവധി സ്ഥലം കണ്ടെത്തണം.അവര്‍ ഡസ്ക്കുകളും ബെഞ്ചുകളും ചുമരിനോട് ചേര്‍ത്തിട്ടു.മേശയും കസേരയും അരികിലേക്ക് ഒതുക്കിയിട്ടു.


മുഴുവന്‍  കുട്ടികളും നാലു ഗ്രൂപ്പുകളായി മാറി. ക്ലാസുമുറിയുടെ നാലു മൂലകള്‍ ഓരോ ഗ്രൂപ്പിനും അനുവദിച്ചു.ഈ മൂലകളാണ് അവരുടെ രംഗവേദി.ഇവിടെ നിന്നുകൊണ്ടാണ് അവര്‍ ഓണക്കാലത്തിന്റെ ദൃശ്യാവിഷ്ക്കാരം നടത്തുക.

ദൃശ്യാവിഷ്ക്കാരത്തിന് പ്രോപ്പര്‍ട്ടികള്‍ വേണം.പ്രോപ്പര്‍ട്ടികള്‍ കുട്ടികളുടെ ഭാവനയെ ഉണര്‍ത്തും.അത് അവരില്‍ പുതിയ ചിന്തകള്‍ രൂപപ്പെടുത്തി ആവിഷ്ക്കാരം മികവുറ്റതാക്കും.സാധാരണയായി പ്രോപ്പുകള്‍ ശേഖരിക്കാനായി ഞാനവരെ ക്ലാസിനു പുറത്തേക്കു വിടാറുണ്ട്.പക്ഷേ,ഇത്തവണ അതുണ്ടായില്ല. സമയക്കുറവായിരുന്നു കാരണം.പകരം ക്ലാസുമുറിക്കകത്ത് ലഭ്യമായവ മാത്രം ഉപയോഗിക്കാന്‍ പറഞ്ഞു.അതൊരു വെല്ലുവിളിയായി കുട്ടികള്‍ ഏറ്റെടുത്തു.


 ക്ലാസിനകത്തുനിന്നും ശേഖരിക്കാവുന്നവ പരിമിതമാണ്.എങ്കിലും കുട്ടികളുടെ ബാഗും കുടയും പെന്‍സില്‍ബോക്സും,വേസ്റ്റ് ബിന്നും ചൂലും ബെഞ്ചിന്റെ ഒടിഞ്ഞ കാലുകളും കസേരയും ഡസ്ക്കുകളും ഷാളുകളുമൊക്ക അവര്‍ പ്രോപ്പുകളാക്കി.അവരുടെ ഭാവന ചിറകുവിടര്‍ത്തിയപ്പോള്‍ ഈ വസ്തുക്കളോരോന്നും മറ്റൊന്നായി മാറി.ഡസ്ക്കിനുമുകളില്‍ മലര്‍ത്തിവെച്ച ബെഞ്ച് വള്ളമായി.കുട തുഴയായി.വേസ്റ്റ് ബിന്‍ പൂക്കൂടയും ചോറ്റുകൂട്ടയുമായി.ചൂല് ഓണസദ്യയൊരുക്കും നേരത്തെ ചിരവയായി.ഷാള്‍ ഊഞ്ഞാലും കമ്പക്കയറുമായി.കസേര ജന്മിക്കിരിക്കാനുള്ള ഇരപ്പിടമായി.ബെഞ്ചില്‍ നിന്നും ഊരിയെടുത്ത വാരി തമ്പ്രാനു സമര്‍പ്പിക്കാനുള്ള ഓണക്കാഴ്ച കെട്ടിത്തൂക്കാനുള്ള തണ്ടായി.പ്ലാസ്റ്റിക്ക് സഞ്ചികളാണ് പഴക്കുലകള്‍...

  ക്ലാസിന്റെ നാലു മൂലകളിലായി ദൃശ്യാവിഷ്ക്കാരത്തിനു കോപ്പുകൂട്ടുന്ന കുട്ടികള്‍ക്ക് ഞാന്‍ ആദ്യം നല്‍കിയ വിഷയം 'തകഴിയുടെ കാലത്ത് ഓണപ്പൂവിറുക്കുന്ന കുട്ടികള്‍' എന്നതായിരുന്നു.

ഓരോ ഗ്രൂപ്പിലേയും  കുട്ടികള്‍ ഒരുമിച്ചു കൂടി ആലോചിക്കാന്‍ തുടങ്ങി.ആലോചനയ്ക്ക് മുന്നുമിനുട്ട് സമയം മാത്രമേയുള്ളു.അതിനുള്ളില്‍ അവതരണത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കണം.ആരൊക്കെ,എങ്ങനെ, എവിടെയൊക്കെ എന്നതിനെക്കുറിച്ചും എന്തൊക്കെ പ്രോപ്പുകള്‍ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും.തര്‍ക്കിച്ച് നില്‍ക്കാന്‍ സമയമില്ല.പെട്ടെന്ന് അഭിപ്രായ സമന്വയത്തിലെത്തണം.ഒരു മിനുട്ട് ദൃശ്യത്തെ നിശ്ചലമാക്കണം.അപ്പോഴത്തെ നിശബ്ദതയില്‍ ദൃശ്യത്തിനുയോജിച്ച സംഗീതം ഒഴുകിയെത്തും.സംഗീതം നിലച്ചാല്‍ ആവിഷ്ക്കാരം പൂര്‍ത്തിയായി.


 ഈ അവതരണത്തിന് ഒരു പ്രത്യേകതയുണ്ട്.ഇവിടെ കാഴ്ചക്കാരില്ല.എല്ലാവരും ഒരുമിച്ചാണ് അവതരിപ്പിക്കുന്നത്.കാഴ്ചക്കാരനായി ഞാന്‍ മാത്രമേയുള്ളു.ഓരോ അവതരണത്തിനു ശേഷമുള്ള എന്റെ ഫീഡ്ബാക്കും വിലയിരുത്തലും പ്രധാനമാണ്.വേണമെങ്കില്‍ ഓരോ ഗ്രൂപ്പിനും പോയിന്റുകള്‍ നല്‍കാം.ഗ്രൂപ്പുകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന രീതിയിലായിരിക്കണം നമ്മുടെ വിലയിരുത്തല്‍.
ഈ രീതിയില്‍ വിഷയങ്ങള്‍ ഒന്നൊന്നായി നല്‍കിക്കൊണ്ടിരുന്നു.ഇന്നത്തെ കുട്ടികളുടെ പൂശേഖരണം,പൂവിടല്‍,വള്ളം കളി,മാവേലിയുടെ എഴുന്നള്ളത്ത്,ഓണ നാളിലെ ജന്മിയും കുടിയാനും,തിരുവാതിരക്കളി,കുടിയാന്റെ വീട്ടിലെ ഓണം,ഓണനാളിലെ ഊഞ്ഞാലാട്ടം....


ഓരോ അവതരണത്തിനും നല്‍കുന്ന സംഗീതം പ്രധാനമാണ്.അത് കുട്ടികളെ വൈകാരികമായി സ്വാധീനിക്കും.അവരുടെ ഭാവനയെ ഉത്തേജിപ്പിക്കാന്‍ അതിനു കഴിയും.ഒരു ആവിഷ്ക്കാരത്തിനു നല്‍കിയ സംഗീതത്തിന്റെ പ്രതിഫലനം അടുത്തതില്‍ കാണാം.ആവിഷ്ക്കാരത്തിന്റെ തലം ഒരു പടികൂടി ഉയരും.പുതിയ ആശയങ്ങളും ആലോചനകളും ആവിഷ്ക്കാരത്തില്‍ കടന്നുവരും.

 ഗ്രൂപ്പിലെ അംഗങ്ങള്‍ക്കിടയിലെ ആശയവിനിമയശേഷി വികസിക്കുന്നത് ക്ലാസില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ്.പരിമിതമായ സമയത്തിനുള്ളില്‍ ഒത്തൊരുമിച്ച് ഒരു ഉത്പ്പന്നം ഉണ്ടാക്കിയെടുക്കുക എന്നതാണ് കുട്ടികളുടെ മുന്നിലെ പ്രധാന വെല്ലുവിളി.അംഗങ്ങള്‍ പരസ്പരം നന്നായി സംവദിച്ചാലെ ഇതു സാധ്യമാകൂ.നിശ്ചിത സമയത്തിനുള്ളില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരും.വിട്ടുവീഴ്ച ചെയ്യേണ്ടി വരും.പൊതു തീരുമാനങ്ങള്‍ എല്ലാവരും അംഗീകരിക്കേണ്ടി വരും.കടുംപിടുത്തക്കാരായ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഗ്രൂപ്പിന്റെ പൊതു തീരുമാനങ്ങള്‍ക്ക് വഴിപ്പെടേണ്ടതായി വരും.

അടിസ്ഥാനപാഠാവലിയിലെ രണ്ടാം യൂണിറ്റായ 'കേരളീയ'ത്തിലെ അവസാന ഖണ്ഡമാണ് 'ഓണം-അന്നും ഇന്നും'.ഓണാവധി കഴിഞ്ഞെത്തിയതാണ്  കുട്ടികള്‍. അവരുടെ ഓണാനുഭവത്തെ മുന്‍നിര്‍ത്തി ഈ ഭാഗം ആദ്യം പഠിപ്പിക്കുന്നതായിരിക്കും ഉചിതമെന്ന് ഞാന്‍ കരുതി.

ഓണാവധി എങ്ങനെ ചെലവഴിച്ചു എന്നു ചോദിച്ചുകൊണ്ടായിരുന്നു തുടക്കം.പിന്നീട് അവര്‍ ഓണവുമായി ബന്ധപ്പെട്ട് സ്വാനുഭവം എഴുതി.എഴുതിയത് ചിലര്‍ അവതരിപ്പിച്ചു.
അര്‍ജ്ജുന്‍ന്റെ അവതരണത്തെ വിലയിരുത്തിയത് അഖിലേഷ് ആയിരുന്നു.
"മാഷേ, ഇത് അനുഭവ വിവരണമല്ല.ഓണദിവസത്തെ ഡയറി."അവന്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു.
"ഡയറിയും അനുഭവവിവരണവും തമ്മില്‍ എന്താണ് വ്യത്യാസം?"ഞാന്‍ ചോദിച്ചു.
"അത് അറിയില്ല.പക്ഷേ, ഇത് അനുഭവവിവരണമല്ല."അഖിലേഷ്  ഉറപ്പിച്ച് പറഞ്ഞു.


 "ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?” ഞാന്‍ എല്ലാവരോടുമായി ചോദിച്ചു.
കുട്ടികള്‍ ആലോചിച്ചു.
"മാഷേ,ഡയറി ഒരു ദിവസത്തെ അനുഭവമാണ്.അനുഭവവിവരണം അങ്ങനെയാവണമെന്നില്ല."സ്വാതി ലക്ഷ്മി പറഞ്ഞു.
"പിന്നെ?”
"അത് ജീവിതത്തിലുണ്ടായ ഒരു സംഭവത്തെക്കുറിച്ചോ കുറേ ദിവസത്തെ അനുഭവത്തെക്കുറിച്ചോ ഒക്കെയാവാം.”
"ഡയറിയിലെ ഭാഷയായിരിക്കില്ല അനുഭവവിവരണത്തിന്റേത്.” ആദിത്യ പറഞ്ഞു.
"അത് ഡയറിയേക്കാള്‍ നീണ്ടതായിരിക്കും."അവിനാശ് പറഞ്ഞു.
"തെളിച്ചമുള്ള ഭാഷയായിരിക്കും."വിവേക് പറഞ്ഞു.
 അവന്‍ എന്താണാവോ ഉദ്ദേശിച്ചത്?


കുട്ടികള്‍ പറഞ്ഞതൊക്കെ ഞാന്‍ ബോര്‍ഡില്‍ കുറിച്ചിട്ടു.
ഈ മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പിന്നീടുള്ള അവതരണങ്ങളെ വിലയിരുത്തിയത്.
ചിലരുടേത് ഡയറിയായിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം കുട്ടികളും മികച്ച രീതിയില്‍ എഴുതിയിരിക്കുന്നു.
എനിക്ക് സന്തോഷം തോന്നി. 


ഇനി തകഴിയുടെ ഓണാനുഭവമാണ് വായിക്കേണ്ടത്.അത് വിശകലനം ചെയ്യുന്നതോടെ  അനുഭവവിവരണം എന്താണെന്നതിനെക്കുറിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ വ്യക്തത വരും.

  പാഠത്തിലേക്ക് കടക്കുന്നതിന്ന് മുമ്പ് രസകരമായ മറ്റൊരു പ്രവര്‍ത്തനംകൂടി ചെയ്തു-കുട്ടികള്‍ അവരുടെ ശരീരം കൊണ്ട് പൂക്കളം തീര്‍ത്തു.ക്ലാസിലെ മുഴുവന്‍ കുട്ടികളേയും രണ്ടു ഗ്രൂപ്പുകളാക്കി.ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വെവ്വേറെ ഗ്രൂപ്പുകള്‍.
ഓരോ ഗ്രൂപ്പും മത്സര ബുദ്ധിയോടെ മാറിമാറി പൂക്കളം തീര്‍ത്തു.കിടന്നും ഇരുന്നും തല ചേര്‍ത്തുവെച്ചും കൈകാലുകല്‍ നീട്ടി വെച്ചുമൊക്കെ കുട്ടികള്‍ തങ്ങളുടെ ശശരീരത്തെ പൂക്കളായി നിലത്ത് വിന്യസിച്ചുകൊണ്ടിരുന്നു..വിവിധ പാറ്റേണുകളില്‍ വ്യത്യസ്തമായ നിരവധി പൂക്കളങ്ങള്‍.


 കുട്ടികള്‍ ഏറെ താത്പര്യത്തോടെയായിരുന്നു തകഴിയുടെ 'ഓണം- അന്നും ഇന്നും' എന്ന പാഠഭാഗം വായിച്ചത്.പാഠഭാഗത്തു നല്‍കിയ മദനന്റെ മനോഹരമായ ചിത്രങ്ങളുടെ വായനയില്‍ തുടങ്ങിയത് അവരുടെ തത്പര്യം ഒന്നുകൂടി വര്‍ദ്ധിപ്പിച്ചു.വായനയ്ക്കു ശേഷം അവര്‍ നേരത്തെ എഴുതിയ അനുഭവ വിവരണത്തിലേക്ക് ഒരിക്കല്‍ കൂടി വന്നു.

"എന്തു തോന്നുന്നു?"ഞാന്‍ ചോദിച്ചു.
"ഒന്നു ആഞ്ഞു പിടിച്ചാല്‍ തകഴിയുടേത് പോലെ എഴുതാന്‍ കഴിയും."ആകാശ് അവന്റെ ഷര്‍ട്ടിന്റെ കോളര്‍ ഒന്നു വലിച്ചുയര്‍ത്തിക്കൊണ്ട് ഗമയില്‍ പറഞ്ഞു.
അത് കേട്ട് എല്ലാവരും ചിരിച്ചു.
"തകഴി ആകാശ് പിള്ള."ഉടന്‍ വന്നു അശ്വിനിയുടെ കമന്റ്.



പാഠത്തിന്റെ ആഴത്തിലുള്ള വായനയായിരുന്നു കുട്ടികളുടെ ദൃശ്യാവിഷ്ക്കാരം.ദൃശ്യാവിഷ്ക്കാരത്തിലൂടെ കുട്ടികള്‍ സ്വാനുഭവത്തെ തകഴിയുടെ ഓണാനുഭവവുമായി ചേര്‍ത്തുവച്ചു.തകഴിയുടെ കുട്ടിക്കാലത്തിലേക്ക് ഒരു സാങ്കല്‍പ്പിക സഞ്ചാരം നടത്തി.അന്നത്തേയും ഇന്നത്തേയും ഓണത്തെ ഭാവനയില്‍ പുനഃസൃഷ്ടിച്ചു.അത് കുട്ടികളുടെ  വൈകാരികാനുഭവമായി മാറി.ഇനി പോകേണ്ടത് പ്രസംഗം എന്ന വ്യവഹാര രൂപത്തിലേക്കാണ്.കുട്ടികള്‍ക്ക് താരതമ്യേന പ്രയാസമുള്ള മേഖലയാണത്.പ്രസംഗം എഴുതി തയ്യാറാക്കിയാല്‍ മാത്രം പോര.വേദിയില്‍ നിന്ന് പ്രസംഗിക്കണം.

'ഓണം- അന്നും ഇന്നും' എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിക്കാന്‍ മാത്രം  കുട്ടികളുടെ മനസ്സിപ്പോള്‍ ആശയപരമായി സമ്പുഷ്ടമാണ്.ഇനി ആ നനവില്‍ ഭാഷ കിളിര്‍ക്കും.പ്രസംഗത്തിന്റെ ഭാഷ.....


തുടരും 


 

Sunday 2 October 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍- ഒക്ടോബര്‍ മാസം

2016
ഒക്ടോബര്‍

 


ഒക്ടോബര്‍ 2 ഞായര്‍
ഗാന്ധിജയന്തി

  • അസംബ്ലി-ഗാന്ധിജയന്തി സന്ദേശം
  • മധുരപലഹാരവിതരണം
  • ഗാന്ധി ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന

ഒക്ടോബര്‍ 3 തിങ്കള്‍
ഗാന്ധിജയന്തി ആഘോഷം

  • ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • ഗാന്ധി ക്വസ് -ഗ്രൂപ്പ് തയ്യാറെടുപ്പ്
  • സ്കൂളും പരിസരവും ശുചീകരണം-പിടിഎ,കുട്ടികള്‍


PTA,SMC എക്സിക്യുട്ടീവ് മീറ്റിങ്ങ്

  • മുഖ്യഅജണ്ട-സ്ക്കൂള്‍ പച്ചക്കറിക്കൃഷി
  • ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള-സ്ക്കൂള്‍ തലം-നടത്തിപ്പ്
  • സ്ക്കൂള്‍ കലോത്സവം-നടത്തിപ്പ്

 ഒക്ടോബര്‍ 5 ബുധന്‍
  • സ്ക്കൂള്‍ പച്ചക്കറിക്കൃഷി-നിലമൊരുക്കലും വിത്തുനടലും

ഒക്ടോബര്‍ 7 വെള്ളി
SRG യോഗം

  • ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള-സ്ക്കൂള്‍ തലം-ആസൂത്രണം
  • സ്ക്കൂള്‍ കലോത്സവം-ആസൂത്രണം
  • വന്യജീവി വാരാഘോഷം-ആസൂത്രണം


ഒക്ടോബര്‍ 13 വ്യാഴം

ഒക്ടോബര്‍ 11വന്യജീവി വാരാഘോഷം

  • അസംബ്ലി-വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കേരളത്തലെ വന്യജീവികള്‍-ഇംഗ്ലീഷ് ആല്‍ബം(ഒരാഴ്ച)

ഒക്ടോബര്‍  14 വെള്ളി
വന്യജീവി വാരാഘോഷം

  • ഫിലിം പ്രദര്‍ശനം-സയന്‍സ് ക്ലബ്ബ്

 ഒക്ടോബര്‍  17 തിങ്കള്‍
  • ഒക്ടോബര്‍  16 മഹാകവിവള്ളത്തോള്‍ ജന്മദിനം അസംബ്ലി-വള്ളത്തോള്‍ അനുസ്മരണം,കവിതയുടെ ആലാപനം
  • കവിതാരചനാ ശില്പശാല

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കേരളത്തലെ വന്യജീവികള്‍-ഇംഗ്ലീഷ് ആല്‍ബം -വിലയിരുത്തല്‍
  • കവിതകളുടെ ദൃശ്യാവിഷ്ക്കാരം-നാലു ഗ്രൂപ്പ്,നാലു കവിതകള്‍(ഈ ആഴ്ച )

ഒക്ടോബര്‍ 20 വ്യാഴം
ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള-സ്ക്കൂള്‍ തലം

ഒക്ടോബര്‍ 21 വെള്ളി
SRG യോഗം

  • ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള-സ്ക്കൂള്‍ തലം-അവലോകനം
  • സ്ക്കൂള്‍ കലോത്സവം-നടത്തിപ്പ്-സൂക്ഷ്മതല ആസൂത്രണം
  • യൂണിറ്റ് വിലയിരുത്തല്‍-അവലോകനം

ഒക്ടോബര്‍ 24 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കവിതകളുടെ ദൃശ്യാവിഷ്ക്കാരം-വിലയിരുത്തല്‍
  • മണ്ണുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍-ആസൂത്രണം(ഈ ആഴ്ച )

 ഒക്ടോബര്‍ 25 ചൊവ്വ
സ്ക്കൂള്‍ കലോത്സവം

ഒക്ടോബര്‍ 27 വ്യാഴം

വയലാര്‍ രാമവര്‍മ്മ ചരമദിനം

  • അസംബ്ലി-വയലാര്‍ അനുസ്മരണം
  • വയലാര്‍ കവിതകളുടെ ആലാപന മത്സരം-LP,UP

 ഒക്ടോബര്‍ 28 വെള്ളി

SRG യോഗം

  • സ്ക്കൂള്‍ കലോത്സവം-അവലോകനം
  • ക്ലസ് പിടിഎ-ആസൂത്രണം
  • കേരളപ്പിറവി ദിനം-ആസൂത്രണം

ഒക്ടോബര്‍ 31 തിങ്കള്‍

ക്ലസ് പിടിഎ
അജണ്ട

  • യൂണിറ്റ് വിലയിരുത്തല്‍-കുട്ടികളുടെ പഠനനിലവാരം പങ്കുവയ്ക്കല്‍
  • പോര്‍ട്ട് ഫോളിയോ sharing,കുട്ടികളുടെ അവതരണങ്ങള്‍
  • ലൈബ്രറി പുസ്തകങ്ങളുടെ വായന-പ്രോത്സാഹനം എങ്ങനെ വേണം?
  • നവംബര്‍ മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
  • മറ്റു കാര്യങ്ങള്‍