ക്ലാസില്‍ ഉപയോഗപ്പെടുത്താനുള്ള വീഡിയോകള്‍ 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും download ചെയ്യാവുന്നതാണ്..ക്ലാസ് 7 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 1- മണ്ണില്‍ പൊന്നു വിളയിക്കാം..യൂണിറ്റ് 5 -വൈദ്യുതി പ്രവഹിക്കുമ്പോള്‍...ക്ലാസ് 6 അടിസ്ഥാനശാസ്ത്രം-യൂണിറ്റ് 5- ആഹാരം ആരോഗ്യത്തിന് ക്ലാസ് V സാമൂഹ്യശാസ്ത്രം-യൂണിറ്റ് 7-ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍,യൂണിറ്റ് 8 അഹിംസ, അറിവ്, അധികാരം... 'പഠനവിഭവങ്ങള്‍'എന്ന പേജില്‍ നിന്നും വീ‍ഡിയോ ഡൗണ്‍ലോഡ് ചെയ്യാം......

Sunday 4 February 2018

കളിക്കാന്‍ ആരുമില്ലാത്ത കുഞ്ഞിറോസ്

ഒന്നാം ക്ലാസ്സുകാര്‍ കഥയെഴുതുകയാണ്-2


 'കളിക്കാന്‍ ആരുമില്ലാത്ത കുഞ്ഞിറോസ് മാത്രം ഒറ്റയ്ക്ക്.അപ്പോള്‍ ഒരു പുഴുവന്നു.റോസയുടെ ഇല കടിച്ചുമുറിച്ചു തിന്നു.കാക്ക പുഴുവിനെ കൊത്തി.വീട്ടിലേക്ക് പറന്നുപോയി...'

 ആദിദേവിന്റേതാണ് കഥ.അവന്‍ പലപ്പോഴും ഒറ്റയ്ക്കാണ്. മറ്റു കുട്ടികളുമായി ഒത്തുപോകാന്‍ അവന് ചിലപ്പോഴൊക്കെ  പ്രയാസമാണ്.ആദ്യ ഘട്ടത്തില്‍ എഴുതാനും വയിക്കാനുമൊക്കെ അവന് ചില്ലറ വിഷമങ്ങളുണ്ടായിരുന്നു..ഇപ്പോള്‍ അവന്‍ അതിനെ മറികടന്നിരിക്കുന്നു.അവന്‍ തെറ്റുകൂടാതെ കഥയെഴുതാന്‍ തുടങ്ങിയിരിക്കുന്നു.

സ്വന്തം അനുഭവം തന്നെയല്ലെ അവന്റെ കഥയില്‍ കടന്നു വന്നിട്ടുണ്ടാകുക?


 ആദിദേവിനെപ്പോലെ മറ്റു കുട്ടികളും സ്വന്തമായി കഥയെഴുതാന്‍ തുടങ്ങിയിരിക്കുന്നു.
പാഠങ്ങള്‍ ഇനിയും മൂന്നെണ്ണം ബാക്കിക്കിടപ്പുണ്ട്.എങ്കിലും കുട്ടികള്‍ സ്വതന്ത്രരചനയിലേക്ക് കടന്നുവന്നിരിക്കുന്നു.അതിന് അവരെ പ്രാപ്തരാക്കിയത് കഥയെഴുത്താണ്.അത് കുട്ടികളില്‍ വലിയ അളവില്‍ എഴുതാനുള്ള ആത്മവിശ്വാസമുണ്ടാക്കിയിരിക്കുന്നു.

എല്ലാദിവസവും അവര്‍ക്ക് കഥയെഴുതണം.കഥ കളിക്കണം.അതിന് എഴുതാന്‍ പഠിക്കാതെ പറ്റില്ലല്ലോ..

കുട്ടികളെ കഥയെഴുത്തിലേക്ക് നയിച്ച പല പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

ഇന്റര്‍നെറ്റില്‍ പരതിനോക്കിയപ്പോള്‍ കിട്ടിയതായിരുന്നു ഒരു പൂവിന്റെ ചിത്രം.ഒരു പൂവ് മാത്രം.പശ്ചാത്തലമില്ല.ഏതോ ഒരു കുട്ടിവരച്ച ചിത്രമാണ്.ഈ ചിത്രം ഞാന്‍ ക്ലാസിലെ ചുമരില്‍ വലുതായി പ്രൊജക്ട്  ചെയ്ത് കാണിച്ചു കൊടുത്തു.



പൂവിന്റെ ചിത്രം കുട്ടികളെ സന്തോഷിപ്പിച്ചു.
കുട്ടികളോട് കുറച്ചു നേരം പൂവിലേക്ക് നോക്കിയിരിക്കാന്‍ പറഞ്ഞു.
"ഈ പൂവിനെ ഇഷ്ടപ്പെട്ടോ?”
"ഉം..നല്ല പൂവ്.”
കുട്ടികള്‍ പറഞ്ഞു.
"പൂവ് എവിടെയെയായിരിക്കും നില്‍ക്കുന്നത്?”
"ഒരു നല്ല പൂന്തോട്ടത്തിലായിരിക്കും."അവന്തിക പറഞ്ഞു.
"അല്ല മാഷേ,അതൊരു സ്ക്കൂളിന്റെ മുന്നിലായിരിക്കും.”
വിഷ്ണു പറഞ്ഞു.‌
"സ്ക്കൂളിലേക്ക് പോകുന്ന വഴിയരികിലായിരിക്കും.” അര്‍ജുന്‍ പറഞ്ഞു.
"ഒരു വീടിന്റെ മുന്നിലായിരിക്കും.”


"അല്ല. ഒരു കാട്ടിലായിരിക്കും."ഗോകുല്‍ പറഞ്ഞു.
"അതൊന്ന്വല്ല മാഷേ...അതൊരു കുളത്തിന്റെ കരേലാ നില്‍ക്കുന്നത്."അഭിനന്ദ് കറച്ചു നേരം ആലോചിച്ചതിനു ശേഷം പറഞ്ഞു."കുളത്തില്‍ താമസിക്കുന്ന തവളയാ അതിന്റെ കൂട്ടുകാരന്‍..”


അവരുടെ കുഞ്ഞു മനസ്സുകളില്‍ കഥകള്‍ മുളപൊട്ടാന്‍ തുടങ്ങിയിരിക്കുന്നു...


മറ്റൊരു ചോദ്യംകൂടി ഞാന്‍ കുട്ടികളുടെ മുന്നിലേക്ക് ഇട്ടു കൊടുത്തു.
"പൂവിന് സങ്കടമോ സന്തോഷമോ?”
"സങ്കടം..”
എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു.
എന്റെ കണക്കുകൂട്ടല്‍ തെറ്റിപ്പോയി.സങ്കടമെന്നും സന്തോഷമെന്നും പറയുന്നവരുണ്ടാകും എന്നായിരുന്നു ഞാന്‍ കരുതിയത്.ഇനി കഥ മുഴുവന്‍ സങ്കടപ്പെടുന്ന പൂവിനെ ചുറ്റിപ്പറ്റിയായരിക്കും. ആവട്ടെ.കുഴപ്പമില്ല.



"അതെന്താ അങ്ങനെ തോന്നാന്‍?”ഞാന്‍  ചോദിച്ചു.
"പൂവിന് ചുറ്റും കറുത്ത കുത്തുകള്‍ കണ്ടില്ലേ?പൂവിന് സങ്കടമുള്ളതുകൊണ്ടാ അങ്ങനെ കറുത്ത കുത്തുകളിട്ടത്.”
ദര്‍ശന പറഞ്ഞു.
എല്ലാവരും അതിനോടു യോജിച്ചു.
"എന്തുകൊണ്ടായിരിക്കും സങ്കടം..?”എന്റെ അടുത്ത ചോദ്യം.
കുട്ടികള്‍ ആലോചിക്കാന്‍ തുടങ്ങി...


"ഇനി ആരും വിളിച്ചു പറയേണ്ട. ഒരു കഥയുണ്ടാക്കണം.”
കുട്ടികള്‍ക്ക് സന്തോഷമായി.
"കഥയുണ്ടാക്കീട്ട് കളിപ്പിക്കണേ മാഷേ.."കുട്ടികള്‍ പറഞ്ഞു.
കഥയുടെ ചമഞ്ഞു കളിയാണ് അവര്‍ ഉദ്ദേശിക്കുന്നത്.കുട്ടികള്‍ക്ക് ഏറ്റവും
 ഇഷ്ടപ്പെട്ട കളിയാണിത്...

കുട്ടികളെ മുന്നുപേരുള്‍പ്പെടുന്ന സംഘങ്ങളായി തിരിച്ചു.ആദ്യം കഥ  വാചികമായി ഉണ്ടാക്കണം.എന്നിട്ട് അവതരിപ്പിക്കണം.


അവര്‍ കഥയുണ്ടാക്കാന്‍ തുടങ്ങി.ഗ്രൂപ്പില്‍ കുട്ടികളുടെ നല്ല ചര്‍ച്ച.
ശ്രീവൈഗയുടെ ഗ്രൂപ്പ് പൂവിനു ഒരു പേരിട്ടു-പൂവൂട്ടി.

'പൂവൂട്ടി പൂന്തോട്ടത്തിലാണ്.ഉറക്കെ കരയുകയാണ്.അവള്‍ക്ക് കൂട്ടുകാരില്ല. അതാണ് സങ്കടം.അവളുടെ സങ്കടം കണ്ട് പൂമ്പാറ്റ വന്നു.ഇനി മുതല്‍ ഞാനാ നിന്റെ കൂട്ടുകാരി.പൂമ്പാറ്റ പറഞ്ഞു.അവള്‍ ചിരിച്ചു.'

അഭിനന്ദിന്റെ ഗ്രൂപ്പുണ്ടാക്കിയ കഥ നോക്കുക.


'കുളക്കരയിലാണ് കുഞ്ഞിപ്പുവിന്റെ താമസം.കുടിക്കാന്‍ വെള്ളം വേണം.അല്ലെങ്കില്‍ ഞാനിപ്പം ചാവും.പൂവ് കരഞ്ഞു.കുളത്തിലിരിക്കുന്ന തവള ഇതു കേട്ടു.അവന്‍ ഒരു കുപ്പിയില്‍ വെള്ളം കൊണ്ടുവന്ന് പൂവിന് ഒഴിച്ചു കൊടുത്തു.പൂവിന് സന്തോഷമായി.'

തികച്ചും വ്യത്യസ്തമായ മറ്റൊരു കഥ  നോക്കുക.

'ഒരു കാറ്റ് വന്നു.പൂക്കാരന്റെ കുട്ടയില്‍ നിന്നും ഒരു പൂവ് താഴെ വീണു.പൂവ് കരഞ്ഞു.അപ്പോള്‍ മഴ വന്നു.ആ പൂവ്  ഒരു ചെടിയായി മാറി..അടുത്ത ദിവസം പൂക്കാരന്‍ വന്നു.പൂവ് പറിച്ചു. കുട്ടയില്‍ വച്ചു.ചന്തയിലേക്ക് പോയി.'


ഇനിയുമുണ്ട് വ്യത്യസ്തമായ കഥകള്‍.വിസ്താരഭയം കൊണ്ട് ഇവിടെ പറയാന്‍ മുതിരുന്നില്ല എന്നേയുള്ളു...


ഒന്നാം ക്ലാസുകാര്‍ അത്ര ചില്ലറക്കാരല്ല.അവര്‍ ഭാവനാസമ്പന്നരാണ്.ഒറ്റച്ചിത്രം കൊണ്ട് ക്ലാസില്‍ കഥയുടെ നൂറുപൂക്കള്‍ വിരിയിക്കാം.

കേവലമായ മൃഗകഥകള്‍ക്കപ്പുറത്ത് അവരുടെ കഥയിലും ജീവിതം കടന്നുവരും.സര്‍ഗ്ഗാത്മകമായ അവരുടെ കഴിവുകളെ തൊട്ടുണര്‍ത്താന്‍ നമുക്ക് കഴിഞ്ഞാല്‍...

(തുടരും)
അടുത്ത പോസ്റ്റില്‍- കഥ പുസ്തകമാകുമ്പോള്‍



 

No comments:

Post a Comment